വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഒരു പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് ആക്രമണം നടന്നത് എന്നതിനാൽ കൊല്ലപ്പെട്ടവരിൽ 15 പേർ പൊലീസ് ഉദ്യോഗസ്ഥരാണ്.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കോഹാട്ട് ജില്ലയിലുള്ള പള്ളിയിലേക്ക് അക്രമികള്‍ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രവിശ്യാ പൊലീസ് മേധാവി സുൽഫിഖർ ഹമീദ് പറഞ്ഞു. ആക്രമണത്തിൽ പൊലീസ് ഓഫീസുകളുടെ പുറംമതിൽ തകരുകയും പള്ളിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പൊലീസ് വളപ്പിൽ പ്രവേശിക്കാൻ ശ്രമിച്ച രണ്ട് തോക്കുധാരികൾ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി വെടിവയ്പ്പ് നടത്തിയതായി പൊലീസ് അറിയിച്ചു. അക്രമികളില്‍ ഒരാൾ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ പരുക്കേറ്റവരിൽ ഭൂരിഭാഗവും ആരാധനാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികളാണെന്ന് മുതിർന്ന റെസ്ക്യൂ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിക്കുകയും ആളപായത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. സ്ഫോടനത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പാകിസ്ഥാൻ പ്രസിഡന്റും കുറിച്ചു.
വടക്കുപടിഞ്ഞാറൻ ഹംഗു ജില്ലയിൽ സുരക്ഷാ സേനയുടെ വ്യൂഹത്തിന് നേരെ റോഡരികിൽ ഉണ്ടായ ബോംബാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിറ്റേന്നാണ് ഈ ആക്രമണം ഉണ്ടാകുന്നത്. വ്യാഴാഴ്ച വിവിധ പ്രദേശങ്ങളിൽ സർക്കാർ സൈന്യം നടത്തിയ റെയ്ഡുകളിൽ പാകിസ്ഥാൻ താലിബാൻ അംഗങ്ങളെന്ന് കരുതുന്ന 10 തീവ്രവാദികളെ വധിച്ചതായി സൈന്യവും പൊലീസും അറിയിച്ചു. അടുത്ത കാലത്തായി പാകിസ്ഥാൻ താലിബാൻ പൊലീസിനും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2023-ൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലെ ഒരു പള്ളിക്കുള്ളിൽ നടന്ന ആത്മഹത്യാ സ്ഫോടനത്തിൽ 101 പേർ കൊല്ലപ്പെട്ടിരുന്നു.
2021-ൽ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാനിൽ നിന്ന് വേറിട്ടതും എന്നാൽ അവരുമായി സഖ്യമുള്ളതുമായ സംഘടനയാണിത്. ടിടിപിക്ക് അഭയം നൽകുന്നതായും അതിർത്തി കടന്നുള്ള തീവ്രവാദി ആക്രമണങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതായും പാകിസ്ഥാൻ പലപ്പോഴും കാബൂളിനെതിരെ ആരോപിക്കാറുണ്ട്. എന്നാൽ കാബൂളിലെ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിച്ചു.