ഉയിരുകൊടുത്തും വീട്ടില്‍ അതിക്രമിച്ച് കയറിയ കള്ളന്‍മാരെ പിന്തിരിപ്പിച്ചോടിച്ച വളര്‍ത്തുനായ്ക്കളെക്കുറിച്ച് വാര്‍ത്തകള്‍ കേട്ടിരിക്കാം. എന്നാല്‍ വീട്ടില്‍ കയറിയ കള്ളനെ സ്വീകരിച്ച ഗോള്‍ഡന്‍ റിട്രീവര്‍ നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. യുഎസ് സാന്‍ ഡിയാഗോയിലെ വീട്ടില്‍ കയറിയ കള്ളനെയാണ് നാഷ് എന്ന നാലുവയസുള്ള നായ കളിപ്പാട്ടം നല്‍കി സ്വീകരിച്ചത്. 

വിഡിയോ പ്രകാരം ആളില്ലാത്ത വീട്ടിലേക്ക് ഗോവണി കയറി കള്ളന്‍ വരുന്ന സിസിടിവി ദൃശ്യം കാണാം. വീട്ടില്‍ കയറിയ ഉടന്‍ കള്ളന്‍ തന്‍റെ പാദരക്ഷകളും ഷര്‍ട്ടുമൂരി സോഫയിലിരിക്കുന്നതും കാണാം. പിന്നാലെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് ഇയാള്‍ ഐസ്ക്രീമും, ടര്‍ക്കി ഫ്രൈയും ചീസും എടുത്തു തിന്നുന്നു. 

ഈ സമയത്ത് വീട്ടില്‍ മൂന്ന് നായ്ക്കളുണ്ടായിരുന്നു. ഗോള്‍ഡന്‍ റിട്രീവര്‍ നായയായ നാഷാണ് ആദ്യം കള്ളനെ കാണുന്നത്. കണ്ട ഉടന്‍ കുരയ്ക്കുകയോ കടിക്കുകയോ ചെയ്യാതെ നാഷ് തന്‍റെ ഇഷ്ട കളിപ്പാട്ടം കള്ളന് സമര്‍പ്പിക്കുകയാണ്. അരമണിക്കൂറോളം കള്ളന്‍ വീടിന്‍റെ പല മുറികളില്‍ കയറുന്നത് കാണാം പിന്നാലെ തന്‍റെ കളിപ്പാട്ടം കടിച്ചുപിടിച്ച് നാഷും നടക്കുന്നുണ്ട്. കള്ളന്‍ ആദ്യം ഭീമാകാരനായ നായയെ കണ്ട് ഭയപ്പെട്ടെങ്കിലും വാലാട്ടിയുള്ള നില്‍പ്പ് കണ്ടതോടെ അന്തം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ചോക്ലേറ്റ് കഴിച്ചു, കുഴഞ്ഞ് വീണു; ​ഞെട്ടലായി യുവതിയുടെ മരണം...

എന്നാല്‍ വീട്ടിലെ അസാധാരണ സംഭവം ഇതിനിടെ വീട്ടുകാരുടെ ഫോണില്‍ മെസേജായി എത്തി. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ ഫോണിലൂടെ സിസിടിവികള്‍ പരിശോധിക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. വീട്ടില്‍ പൊലീസ് എത്തിയതോടെ കള്ളന്‍ ഇത് ജനലിലൂടെ കണ്ടു. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാനായി ശ്രമിച്ചു. എന്നാല്‍ വാതില്‍ തുറന്ന് അകത്ത് കയറിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് അകത്ത് കയറുമ്പോഴും നാഷ് അവരെ സ്വീകരിക്കാനായി പിന്നാലെ പോകുന്നത് കാണാം. പിടികൂടിയ കള്ളനെതിരെ മോഷണത്തിന് കേസെടുത്തു. മുന്‍പും പല മോഷണക്കേസുകളിലും പ്രതിയായ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. 

തങ്ങളുടെ നായ അമിതമായി സൗഹൃദം ഇഷ്ടപ്പെടുന്നുവെന്നും തങ്ങള്‍ക്കിത് കണ്ട് ആശ്ചര്യമൊന്നും തോന്നിയില്ലെന്നുമാണ് വീട്ടുകാര്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരിച്ചത്.

ENGLISH SUMMARY:

A golden retriever named Nash has become an internet sensation after video showed him greeting a burglar at a San Diego home with a toy instead of aggression. The heartwarming footage captured the dog offering his toy to the intruder, who was busy raiding the refrigerator, showcasing an unexpected and friendly encounter.