രാജ്യത്താകമാനം എച്ച്ഐവി ബാധ പടരുന്ന സാഹചര്യത്തിൽ ഫിജിയിൽ ദേശീയ എച്ച്ഐവി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൈംഗിക ബന്ധത്തിലൂടെയും മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി. 60 ൽ ഒരാൾക്കെന്ന തോതിൽ രോഗബാധയുണ്ടെന്നാണ് കണക്കുകൾ. 2025 ൽ ഈ പസഫിക് രാജ്യത്തിൽ പുതിയ എച്ച്ഐവി ബാധിതർ 2016 ആയാണ് ഉയർന്നത്. 2019 നേക്കാൾ 16 മടങ്ങ്. ഫിജിയിൽ ദേശീയ എച്ച്ഐവി അടിയന്തരാവസ്ഥ താൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറ്റോണിയോ ലാലബലാവു ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ഫിജിയിൽ 167 ൽ ഒരാൾക്ക് മാത്രമായിരുന്നു എച്ച്ഐവി ബാധ. 100 ഗർഭിണികളിൽ രണ്ടുപേർക്ക് വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2025 ൽ എച്ച്ഐവി ബാധിച്ച് ജനിച്ച 59 കുഞ്ഞുങ്ങളിൽ 18 എണ്ണം ഒരു വയസിന് മുമ്പ് മരിച്ചു. സൗജന്യ എച്ച്ഐവി പരിശോധന, പ്രതിരോധ സേവനങ്ങൾ, ചികിത്സ എന്നിവ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ നീക്കം.
എച്ച്ഐവി കേസുകളിൽ 58 ശതമാനവും ലൈംഗിക ബന്ധത്തിലൂടെയാണ്. ശേഷിക്കുന്ന 42 ശതമാനം മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെയും പകരുന്നതായി യുഎൻഎഐഡിഎസ് പറഞ്ഞു. എയ്ഡ്സ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന്, ലോകത്തിനുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ഈ സാഹചര്യമെന്ന് യു.എൻ.എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബ്യാനിമ ബുധനാഴ്ച പറഞ്ഞു. എച്ച്ഐവി വ്യാപനത്തിൽ വേഗം മാറ്റമുണ്ടാവാമെന്നും അവർ പറഞ്ഞു.
ലാറ്റിനമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള മയക്കുമരുന്നുകൾ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തുന്നതിന്റെ കേന്ദ്രങ്ങളായി ഫിജി ഉൾപ്പെടെയുള്ള പസഫിക് ദ്വീപുകൾ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് -19 ന്റെ സമയത്ത് മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ തുടങ്ങിയ ലഹരി മരുന്നുകളുടെ ഒഴുക്ക് കുത്തനെ ഉയർന്നതായി ഗ്ലോബൽ ഇനിഷ്യേറ്റീവ് എഗെയിൻസ്റ്റ് ട്രാൻസ്നാഷണൽ ഓർഗനൈസ്ഡ് ക്രൈം പറയുന്നു. ഈ ലഹരിയുടെ വരവാണ് ഫിജിയിലെ എച്ച്ഐവി വർധനയ്ക്ക് മറ്റൊരു കാരണമായി കണക്കാക്കുന്നത്.