Image Credit : @WelcomeTheGulag

കണ്ടാൽ മുഴുത്തൊരു അരാപൈമ മീനാണെന്നേ തോന്നൂ. സാധാരണ മീനിനെപ്പോലെ നീന്തും. കരയിൽ പിടിച്ചിട്ടാൽ പിടയ്ക്കും. എന്നാൽ പിടിച്ച് കറിയാക്കാമെന്ന് കരുതല്ലേ... ഇതാണ് ചൈനീസ് ഡ്രോൺ മീൻ. ആഴക്കടൽ നിരീക്ഷണത്തിനും സമുദ്ര ഗവേഷണത്തിനുമായി ചൈനീസ് എൻജിനീയർമാർ വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ട് മീൻ. സ്വന്തമായി തീരുമാനങ്ങളെടുക്കാനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനും റോബോട്ട് മീനിന് സാധിക്കും.

ചൈനയിലെ ബോയാഗോങ്ഡാവോ മറൈൻ ടെക്നോളജി ഗ്രൂപ്പാണ് “BG-5 ഗോൾഡൻ ഡ്രാഗൺ ഫിഷ്” എന്ന പേരിലുള്ള റോബോട്ട് മീനിനെ അവതരിപ്പിച്ചത്. ബെയ്ജിങ്ങിൽ നടന്ന അന്താരാഷ്ട്ര വ്യാപാര മേളയിലാണ് മീനിനെ ആദ്യമായി പ്രദർശിപ്പിച്ചത്. പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് ചുറ്റുമുള്ള തടസ്സങ്ങൾ സ്വയം തിരിച്ചറിഞ്ഞ് വഴിമാറി സഞ്ചരിക്കാൻ ഇതിന് സാധിക്കും. ഇതിനായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത വഴികളെ മാത്രം ആശ്രയിക്കേണ്ടതില്ല.
പാക്കിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്; മാര്‍ക്കറ്റുകള്‍ വൈകിട്ടോടെ അടയ്ക്കും; ആഴ്ചയില്‍ നാലു ദിവസം മാത്രം ജ...

വെള്ളത്തിനടിയിലെ നിരീക്ഷണം, സമുദ്രപഠനം, സുരക്ഷാ നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. കൂടാതെ, ഒന്നിലധികം റോബോട്ട് മീനുകൾക്ക് ഒരുമിച്ച് കൂട്ടമായി പ്രവർത്തിക്കാനും സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റോബോട്ട് പ്രാണികളെയും മറ്റ് ജീവികളെയും അനുകരിക്കുന്ന യന്ത്രങ്ങളെ പല രാജ്യങ്ങളും ഇതിനുമുമ്പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചൈനീസ് റോബോട്ട് മീനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനെ കണ്ടാൽ യഥാർഥ മീനിൽ നിന്ന് തിരിച്ചറിയുക എളുപ്പമല്ല എന്നതാണ്.

സാധാരണ മീനുകൾ നീന്തുന്നതുപോലെ ഇടയ്ക്കിടെ നിശ്ചലമായി നിന്ന് ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന സ്വഭാവവും ഇതിനുണ്ട്. ഭാവിയിൽ ഇത്തരം റോബോട്ട് മീനുകളെ ശത്രുരാജ്യങ്ങളുടെ സമുദ്രാതിർത്തികൾ നിരീക്ഷിക്കാനും, ആവശ്യമെങ്കിൽ ആക്രമണ ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാനും ചൈനയ്ക്ക് കഴിയുമെന്ന ആശങ്കയും ചില റിപ്പോർട്ടുകളിൽ ഉയരുന്നുണ്ട്.

ENGLISH SUMMARY:

The Chinese drone fish is a revolutionary robot fish developed by Chinese engineers for deep-sea observation and marine research. This advanced AI-powered robot can make independent decisions and identify obstacles using special sensors, making it difficult to distinguish from real fish.