അൽഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ പുറത്തുവിട്ട രേഖകൾ വെളിപ്പെടുത്തുന്നു. 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് വിവരങ്ങളും 100-ലധികം പേജുകളുള്ള മറ്റ് വിവരങ്ങളും സി.ഐ.എ പുറത്തുവിട്ടിരുന്നു.

1998 ഓഗസ്റ്റ് 28-ലെ വിവരങ്ങൾ അടങ്ങിയ രേഖയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നതായി പരാമർശമുള്ളത്. പാകിസ്താൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നിവയാണ് ചില ഭാഗങ്ങൾ തിരുത്തിയ രേഖയില്‍ പരാമർശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങൾ.‘ ബിൻ ലാദന്റെ ഭീകരശൃംഖല ഇപ്പോഴും ഭീഷണിയാണ്’ എന്ന് തലക്കെട്ടുള്ള രേഖയിൽ വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ഉദ്ദേശിച്ച ഇന്ത്യൻ ലക്ഷ്യസ്ഥാനമോ തീയതിയോ, വ്യക്തമായ പദ്ധതിയോ ഇതിൽ എടുത്തുപറയുന്നില്ല. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ബിൻ ലാദന്റെ ശക്തമായ ശൃംഖല ഈ മേഖലകളിലെ യു.എസ് താൽപ്പര്യങ്ങളെയും ലക്ഷ്യമിടുമെന്ന റിപ്പോർട്ടുകൾക്ക് കൂടുതൽ ബലം നൽകുന്നതായും രേഖയിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ അതിജീവിച്ച ബിൻ ലാദനും അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് ഭീകര നേതാക്കളും അവരുടെ ആശയവിനിമയ ശൃംഖല തകരാതെ നിലനിർത്തിയിട്ടുണ്ടെന്ന് രേഖയില്‍ വിലയിരുത്തലുണ്ട്. ഭീകരസംഘടന ചില ക്യാംപുകളിൽ പരിശീലനം പുനരാരംഭിക്കുകയും മറ്റ് ചില ക്യാംപുകൾ മാറ്റുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ അൽഖ്വയ്ദ ക്യാംപുകൾക്ക് നേരെ യു.എസ് മിസൈൽ ആക്രമണം നടത്തുന്നതിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളിൽ യു.എസിനും യു.കെയ്ക്കും എതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായും രേഖ വ്യക്തമാക്കുന്നു. ആക്രമണങ്ങൾ നടത്തുന്നതിനായി അൽഖ്വയ്ദ തലവൻ കുറഞ്ഞത് 60 രാജ്യങ്ങളിലെങ്കിലുമുള്ള വ്യക്തികളുടെയും സഖ്യഗ്രൂപ്പുകളുടെയും ശൃംഖലയെ ഉപയോഗിച്ചേക്കാം എന്നും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. 

രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീകരാക്രമണത്തെക്കുറിച്ച് 1998 മുതൽ 2001 വരെയുള്ള കാലയളവിൽ മുൻ യു.എസ് പ്രസിഡന്റുമാർക്ക് രഹസ്യാന്വേഷണ ഏജൻസി ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സി.ഐ.എ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ബിൽ ക്ലിന്റന്റെ ഭരണകാലത്ത് തുടങ്ങി ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലം വരെയുള്ള വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 2001 സെപ്റ്റംബർ 11-ന് 19 അൽഖ്വയ്ദ ഭീകരർ നാല് യാത്രാവിമാനങ്ങൾ തട്ടിയെടുത്തിരുന്നു. ഇതിൽ രണ്ട് വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിക്കുകയും  ആ പ്രശസ്തമായ ആകാശചുംബികൾ പൂർണമായി തകരുകയും ചെയ്തു. മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചു കയറിയപ്പോൾ വൈറ്റ് ഹൗസോ യു.എസ് കോൺഗ്രസോ ലക്ഷ്യമിട്ടിരുന്നതായി കരുതപ്പെടുന്ന നാലാമത്തെ വിമാനം യാത്രികർ തിരിച്ചടിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീഴുകയായിരുന്നു.

India Among Nations Targeted by Osama bin Laden, CIA Docs Reveal:

Osama bin Laden's former leadership targeted India for attacks, according to newly declassified CIA documents. These revelations, released around the 25th anniversary of the 9/11 attacks, shed light on Al-Qaeda's extensive global planning