switzerland-accident
  • സ്വിറ്റ്‌സർലൻഡില്‍ 48 ഡച്ച് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂർ ബസ് മറിഞ്ഞ് നിരവധി പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സ്വിസ് സർക്കാർ.

ആൽപ്സ് താഴ്‌വരയെ കണ്ണീരിലാഴ്ത്തി സ്വിറ്റ്‌സർലൻഡിൽ വൻ വാഹനാപകടം. നെതർലൻഡ്‌സിൽ നിന്നുള്ള സഞ്ചാരികളുമായി പോയ ടൂർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. കിഴക്കൻ സ്വിറ്റ്‌സർലൻഡിലെ ഗ്രൗബൻഡൻ കന്റോണില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

സുഷ്, സെർനെസ് എന്നീ ഗ്രാമങ്ങൾക്കിടയിലുള്ള മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറിയ ബസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ മറ്റ് വാഹനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു.

ഡച്ച് ട്രാവൽ ഏജൻസിയായ ‘ഓഡ്’ (Oad) വഴി എത്തിയ 48 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടസ്ഥലത്തേക്ക് 5 എയർ ആംബുലൻസ് ഹെലികോപ്റ്ററുകളും നിരവധി ആംബുലൻസുകളും കുതിച്ചെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

bus-accident-switzerland

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ, അപകടത്തെക്കുറിച്ച് സമഗ്രവും വിപുലവുമായ അന്വേഷണം നടത്തുമെന്ന് എക്സിലൂടെ (X) അറിയിച്ചു. വിനോദയാത്ര ഇങ്ങനെയൊരു ദുരന്തത്തിൽ അവസാനിച്ചതിൽ അതിയായ ഞെട്ടലും വേദനയുമുണ്ടെന്ന് യാത്രാ ഏജൻസിയായ ഓഡ് പ്രതികരിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ലഭ്യമാക്കുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

Switzerland Bus Crash: Dutch Tour Bus Overturns in Graubünden, Several Dead:

A tour bus carrying 48 Dutch holidaymakers overturned on a mountain road between Susch and Zernez in the eastern Swiss canton of Graubünden. Police reported that the coach struck a roadside crash barrier before flipping over, leaving several passengers dead and multiple others injured without any other vehicles involved. Emergency responders quickly dispatched five rescue helicopters and numerous ambulances to airlift the injured to regional hospitals. Swiss President Guy Parmelin announced a comprehensive investigation into the tragedy as Dutch consular authorities and travel agency Oad coordinated support for the victims and their families.