പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ പിക്കാക്സ് മൗണ്ടനിൽ ഇറാൻ രഹസ്യ ആണവകേന്ദ്രം നിർമിക്കുന്നതായി റിപ്പോർട്ട്. ആറ് വർഷത്തെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ വലിയ തോതിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പാറകൾക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂഗർഭ സമുച്ചയം ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് സമീപമാണ്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കുള്ള ഈ സ്ഥലം ഇറാന്റെ പുതിയതും പ്രഖ്യാപിക്കാത്തതുമായ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായി മാറിയേക്കുമെന്ന സംശയത്തിൽ ആഗോള രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.
വാഷിങ്ടൺ ആസ്ഥാനമായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) ആണ് ആറ് വർഷത്തെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചത്. ഓഗസ്റ്റ് 9 വരെയുള്ള ഏറ്റവും പുതിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2026ൽ നിർമാണ പ്രവർത്തനങ്ങളിൽ വ്യക്തമായ വർധനയുണ്ടായതായി വിദഗ്ധർ കണ്ടെത്തി. സമുച്ചയത്തിന് ചുറ്റും ഇറാൻ സുരക്ഷാ വേലികളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
Also read: യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം; നിരവധി സൈനിക വിമാനങ്ങൾ തകരാറിലായി
2020 മുതൽ പിക്കാക്സ് മൗണ്ടനിലെയും നതാൻസ് ആണവകേന്ദ്രത്തിലെയും ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് ഘട്ടങ്ങളിലായാണ് പ്രവർത്തനങ്ങൾ നടന്നതെന്ന് CSIS റിപ്പോർട്ടിൽ പറയുന്നു. അഞ്ച് പ്രധാന മേഖലകളിലും അവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും നടന്ന നിർമാണം തുരങ്ക നിർമാണത്തിൽ നിന്ന് ആന്തരിക സംവിധാനങ്ങളുടെ ഒരുക്കത്തിലേക്കും പുറം സുരക്ഷ ശക്തിപ്പെടുത്തുന്നതിലേക്കും മാറിയതായാണ് വിലയിരുത്തൽ.
2026ൽ പിക്കാക്സ് മൗണ്ടനിൽ റോഡുകൾ ഉൾപ്പെടെ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നതായി ഉപഗ്രഹചിത്രങ്ങളിൽ വ്യക്തമാണ്. പ്രവേശന കവാടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ഉയർത്തുകയും ചെയ്തതും ഭൂഗർഭ പാതകൾ നിർമിച്ചതും പ്രവേശന മേഖലകൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയതും ഖനനത്തിനിടെ പുറത്തെടുത്ത മണ്ണും പാറകളും നീക്കം ചെയ്ത് പ്രദേശം നിരപ്പാക്കിയതുമാണ് സംശയത്തിന് ആധാരം.
കഴിഞ്ഞ ശരത്കാലത്ത് ഇറാൻ യുറേനിയം സെൻട്രിഫ്യൂജുകളും അവയുടെ ഭാഗങ്ങളും പിക്കാക്സ് മൗണ്ടനിലേക്ക് മാറ്റിയെന്ന ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അവകാശവാദം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ കഴിഞ്ഞിട്ടില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.
എന്താണ് ഇറാന്റെ മനസില്‍ ?
പിക്കാക്സ് മൗണ്ടനിലെ നിർമാണ പ്രവർത്തനങ്ങളുടെ ലക്ഷ്യം നിർണയിക്കാൻ ഉപഗ്രഹചിത്രങ്ങൾ മാത്രം മതിയാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ യുഎൻ ആണവനിരീക്ഷണ ഏജൻസിയായ ഐഎഇഎയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഇറാൻ ഇത്തരമൊരു പരിശോധനയ്ക്ക് സൗകര്യമൊരുക്കിയില്ല.
പിക്കാക്സ് മൗണ്ടനിലെ നിർമാണ പ്രവർത്തനങ്ങളിലെ വർധന ഇറാൻ സെൻട്രിഫ്യൂജ് അസംബ്ലി കേന്ദ്രം നിർമിക്കുന്നതിന്റെ സൂചനയായിരിക്കാമെന്നാണ് CSIS വിദഗ്ധരുടെ വിലയിരുത്തൽ. 2020ൽ ഇറാന്റെ ആണവപദ്ധതി മേധാവിയായിരുന്ന അലി അക്ബർ സലേഹി നതാൻസിന് സമീപം ഭൂഗർഭ സെൻട്രിഫ്യൂജ് അസംബ്ലി കേന്ദ്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുന്നതിനായും ഇറാൻ പിക്കാക്സ് മൗണ്ടനിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇറാന്റെ കൈവശമുള്ള ഏകദേശം 440 കിലോഗ്രാം, 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ആയുധനിലവാരത്തിലുള്ള യുറേനിയമാക്കി മാറ്റാൻ ഈ കേന്ദ്രം ഉപയോഗിക്കാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു.
ആണവായുധങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങളും പ്രവർത്തനങ്ങളും ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റാനും ഇറാൻ ശ്രമിച്ചേക്കാം. മെറ്റലർജി, രാസപരിവർത്തനം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ സ്ഥാപിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ജൂണിൽ ഇസ്രയേലും യുഎസും നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആക്രമണത്തിൽ ഇസ്ഫഹാനിലെ സമാന സൗകര്യങ്ങൾ തകർത്തിരുന്നു.
ട്രംപിന്റെ ആക്രമണ ഭീഷണി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ കേന്ദ്രത്തിനെതിരെ ആവർത്തിച്ച് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെയാണ് പിക്കാക്സ് മൗണ്ടനിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വർധിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. “നാം പിക്കാക്സിൽ ഉടൻ തന്നെ ആക്രമണം നടത്തിയേക്കാം,” കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞിരുന്നു. “അവിടെ ആരൊക്കെയാണ് നീങ്ങുന്നതെന്ന് ഞങ്ങൾക്ക് അറിയാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് പിക്കാക്സ് മൗണ്ടൻ?
ഇറാനിയൻ ഭാഷയിൽ കുഹ്-ഇ കോലാങ് ഗാസ് ലാ എന്നറിയപ്പെടുന്ന പിക്കാക്സ് മൗണ്ടൻ, നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് രണ്ട് കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന വലിയ ഭൂഗർഭ തുരങ്ക സമുച്ചയമാണ്.
ഗ്രാനൈറ്റ് പാറകൾക്കടിയിൽ വളരെ ആഴത്തിൽ നിർമിച്ചിരിക്കുന്ന ശക്തമായ ഭൂഗർഭ കേന്ദ്രമാണിത്. അമേരിക്കയുടെ ഏറ്റവും ശക്തമായ ആണവേതര ബോംബുകളിലൊന്നായ GBU-57 Massive Ordnance Penetrator ഉപയോഗിച്ചുപോലും ഈ കേന്ദ്രം തകർക്കുക പ്രയാസകരമായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യുഎൻ ആണവനിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) പിക്കാക്സ് മൗണ്ടനെക്കുറിച്ചും കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ഇറാനോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഐഎഇഎയുടെ അഭ്യർഥനകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.