ഹൂതി വിമതരുടെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി യെമനിൽ സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം. അതിനിടെ, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നു.
യെമനിലെ മരിബ്, അൽ ജൗഫ്, തായിസ്, ഹുദൈദ എന്നിവിടങ്ങളിലായി മുപ്പത്തിരണ്ട് തവണ വ്യോമാക്രമണം ഉണ്ടായതായി ഹൂതി വിമത സേന അറിയിച്ചു. എന്നാൽ ആക്രമണം സംബന്ധിച്ച് സൗദി സഖ്യസേന ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രത്യാക്രമണമായാണ് സഖ്യസേനയുടെ നടപടി.
അതിനിടെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടു. എന്നാൽ സാങ്കേതിക തകരാർ സംഭവിച്ച വാഹനമാണിതെന്നും അതിൽ തന്ത്രപ്രധാന വിവരങ്ങളൊന്നുമില്ലെന്നുമാണ് യുഎസ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.ഹോർമൂസിലെ സൈനിക നീക്കങ്ങൾക്കിടെ നിരവധി ചരക്കുകപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ജോർദാനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഇരുപത് ബാലിസ്റ്റിക് മിസൈലുകളിൽ പതിനെട്ടെണ്ണവും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. ശേഷിച്ച രണ്ട് മിസൈലുകൾ ആളൊഴിഞ്ഞ മേഖലയിലാണ് പതിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധി അതീവ ഗുരുതരമായതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയർന്ന് ബാരലിന് 100.19 ഡോളറിലെത്തി.