ലൈഫ് ഓഫ് പൈ സിനിമ കണ്ടിട്ടുണ്ടോ. സിനിമയില്‍ നായകന്‍ കടലില്‍ അകപ്പെടുമ്പോള്‍ ഒഴുകി നടക്കുന്ന ഒരു ദ്വീപില്‍ രക്ഷ നേടുന്ന രംഗമുണ്ട്. സമാനമായ ഒരു ദ്വീപ് കണ്ടെത്തിയതിന്‍റെ ആശ്ചര്യത്തിലാണ് കനേഡിയന്‍ ഭരണകൂടം. ബ്രിട്ടീഷ് കൊളംബിയ പ്രദേശത്തെ വില്ലിസ്ടണ്‍ തടാകത്തിലാണ് ദ്വീപ് കണ്ടെത്തിയത്. 500 അടിയോളം വലിപ്പമുള്ള ദ്വീപ് തടാകത്തിലൂടെ ഒഴുകി നടക്കുകയാണ്. ദ്വീപില്‍ മരങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയുമുണ്ട് എന്നതും ഏറെ കൗതുകമാകുന്നു.
തടാകത്തില്‍ മല്‍സ്യബന്ധനത്തിന് പോയ യുവാവ് താന്‍ പുതുതായി ഒരു ദ്വീപ് കണ്ടെത്തിയെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ കൂട്ടുകാര്‍ ഇയാളെ അത്തരമൊരു ദ്വീപില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. പ്രദേശത്തെ പ്രായം ചെന്ന മല്‍സ്യതൊഴിലാളികളും യുവാവിന്‍റെ അവകാശവാദത്തെ അപ്പാടെ തള്ളി. നിരാശനായ യുവാവ് ദ്വീപ് വീണ്ടും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ദ്വീപ് ആ പ്രദേശത്ത് കണ്ടെത്താനായില്ല. ഇതോയെ യുവാവ് സംശയത്തിലായി. ഒടുവില്‍ അന്നേ ദിവസത്തെ ഉപഗ്രഹ ചിത്രങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ദ്വീപ് തന്‍റെ തോന്നലല്ല ഒരു യാഥാര്‍ഥ്യം തന്നെയാണെന്ന് യുവാവിന് ബോധ്യപ്പെട്ടത്.തുടര്‍ന്ന് ഇത് അധികാരികളെ ബോധിപ്പിച്ചു.
തടാകക്കരയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മരത്തടികൾ, വേരുകൾ, മണ്ണ്, ജൈവമാലിന്യങ്ങൾ എന്നിവ ചേർന്നാണ് ദ്വീപിന്‍റെ അടിത്തറ രൂപപ്പെട്ടതെന്ന് കണ്ടെത്തി. പിന്നീട് കാലക്രമേണ കരയോട് ചേര്‍ന്ന് നിന്നിരുന്ന ദ്വീപില്‍ മരങ്ങള്‍ വളര്‍ന്നു. 2026-ൽ കാനഡയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും പിന്നാലെ തടാകത്തിലെ ജലനിരപ്പ് 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായി. ഇതോടെ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിലും ഈ കരഭാഗം തടാകത്തിന്റെ പ്രധാന തീരത്തുനിന്ന് വേർപെട്ട് വെള്ളത്തിൽ ഒഴുകാൻ തുടങ്ങുകയായിരുന്നു.
വലിയ മരങ്ങളുള്ള ഇത്തരം ഒഴുകുന്ന ദ്വീപുകൾ പണ്ടുകാലത്തും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാലത്ത് ഇത് അപൂര്‍വമാണ്. ഈ ദ്വീപിൽ നിന്ന് വലിയ മരത്തടികൾ തടാകത്തിലേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ബോട്ടുകാർ ഇതിനടുത്തേക്ക് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.