climate-justice-nepal-greta-thunberg

മിന്നല്‍ പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാളിന് രാജ്യങ്ങൾ നൽകുന്ന സഹായങ്ങളെ 'കാരുണ്യമോ ഔദാര്യമോ' ആയി കാണരുതെന്നും, അത് വികസിത രാജ്യങ്ങൾ നൽകേണ്ട 'കാലാവസ്ഥാ നഷ്ടപരിഹാരം' ആണെന്നും പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യാന്തര സമൂഹത്തോടും വികസിത രാജ്യങ്ങളോടും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നേപ്പാൾ സർക്കാരിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഗ്രേറ്റ. വികസിത രാജ്യങ്ങൾക്കും ഫോസിൽ ഇന്ധന കമ്പനികൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഗ്രേറ്റ ഉന്നയിച്ചത്.

‘ഇതിനെ സാമ്പത്തിക സഹായമെന്നോ ഉദാരമനസ്കതയെന്നോ വിളിക്കുന്നത് അവസാനിപ്പിക്കണം. നേപ്പാളിന് നൽകേണ്ടത് കാലാവസ്ഥാ നഷ്ടപരിഹാരമാണ്. നിങ്ങൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നൽകേണ്ട തുകയാണിത്. അല്ലാതെ വികസിത രാജ്യങ്ങൾക്ക് തോന്നുമ്പോൾ നൽകേണ്ട സമ്മാനമൊന്നുമല്ല’– ഗ്രേറ്റ പറഞ്ഞു. ഹിമാലയൻ മേഖലയിലുണ്ടായ ഈ വൻ ദുരന്തത്തെ വെറുമൊരു പ്രകൃതിദുരന്തമായി മാത്രം കാണാനാകില്ല. വൻതോതിൽ ഫോസിൽ ഇന്ധനങ്ങൾ വിറ്റ് വൻ ലാഭമുണ്ടാക്കുകയും കാർബൺ പുറന്തള്ളലിന് കാരണക്കാരാവുകയും ചെയ്ത വികസിത രാജ്യങ്ങളും കോർപ്പറേറ്റുകളുമാണ് ഇതിന് ഉത്തരവാദികൾ. കാർബൺ പുറന്തള്ളലിൽ വളരെ കുറഞ്ഞ പങ്കാളിത്തം മാത്രമുള്ള നേപ്പാൾ പോലുള്ള രാജ്യങ്ങളാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. അതിനാൽ വികസിത രാജ്യങ്ങൾ നൽകുന്ന തുക ഒരു ഉദാരമനസ്കതയല്ല, മറിച്ച് ഭൂമിയെ മലിനമാക്കിയതിന് നൽകേണ്ട കടമാണെന്നും ഗ്രേറ്റ വ്യക്തമാക്കി.

‘കാലാവസ്ഥാ ഉച്ചകോടികളിൽ നേപ്പാൾ പോലുള്ള രാജ്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ അവരോടൊപ്പം ഇരുന്ന് സംസാരിക്കാൻ വികസിത ലോകം തയ്യാറാകുന്നില്ല. മറ്റൊരാളുടെ കേസ് സ്റ്റഡിയായി ഒതുങ്ങുന്നതിന് പകരം തീരുമാനങ്ങൾ എടുക്കുന്ന മേശപ്പുറത്ത് നേപ്പാളിന് സ്വന്തമായ ശബ്ദമുണ്ടാകണം’– ഗ്രേറ്റ പറഞ്ഞു. സ്വന്തമായി ചെയ്യാത്ത തെറ്റിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ഒരു രാജ്യമാണ് നേപ്പാൾ. സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് ആ രാജ്യം ഇതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ലോകം ഇതിന് മറുപടി നൽകിയേ മതിയാകൂ എന്നും ഗ്രേറ്റ കൂട്ടിച്ചേർത്തു. ഒപ്പം ദുരന്തത്തിന് ശേഷം സ്വന്തം വിഭവങ്ങളും സുരക്ഷാ സേനയേയും ഉപയോഗിച്ചുള്ള നേപ്പാൾ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളേയും ഗ്രേറ്റ പ്രശംസിച്ചു. ‘ഹിമാലയൻ ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ കഴിയാത്തതാണെങ്കിലും ഇതിനെ ഒരു പ്രകൃതി ദുരന്തമായി മാത്രം കണക്കാക്കരുത്. ഇത് വരുന്നത് കണ്ടില്ലെന്നും ലോകത്തിന് പറയാൻ കഴിയില്ല’- ഗ്രേറ്റ പറഞ്ഞു.

ALSO READ: മഹാപ്രളയത്തില്‍ ചൈനയില്‍ സംഭവിച്ചത് ഇതാണ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആദ്യമായി പുറത്ത്!

നേരത്തേ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ രംഗത്തെത്തിയിരുന്നു. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറഞ്ഞത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതല്‍ 'സഹായം' ആവശ്യപ്പെടുന്നതിൽ നിന്ന് 'നീതിക്കും നഷ്ടപരിഹാരത്തിനും' വേണ്ടിയുള്ള പോരാട്ടത്തിലേക്ക് മാറ്റുകയാണ്’- ശിശിർ ഖനൽ പറഞ്ഞു. ഹരിതഗൃഹ വാതകങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രം പുറന്തള്ളുന്ന നേപ്പാൾ, ആഗോളതാപനത്തിന്റെ കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അനീതിയാണെന്നും കാരുണ്യത്തിന് പകരം കാലാവസ്ഥാ നീതിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ALSO READ: സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ ...

മാത്രമല്ല, ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് സമ്മേളനത്തിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, രാജ്യാന്തര സമൂഹത്തിന് മുന്നിൽ കാലാവസ്ഥാ നഷ്ടപരിഹാരം എന്ന വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1,344 ആയി ഉയരുകയും 4,887-ലധികം ആളുകളെ ഇനിയും കണ്ടെത്താനാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നേപ്പാളിന്‍റെ നടപടി.

ENGLISH SUMMARY:

Prominent Swedish climate activist Greta Thunberg strongly backed Nepal’s demand for climate compensation following catastrophic flash floods. She asserted that aid to Nepal from developed nations and fossil fuel corporations should be treated as "climate debt" and "climate reparations" rather than charity or gifts. Thunberg's support follows statement from Nepal's Foreign Minister Shishir Khanal, who urged major emitters like China, the U.S., and India to accept legal and moral liability for historical carbon emissions. Prime Minister Balendra Shah is expected to press the issue of climate justice at the upcoming 81st UN General Assembly session as death tolls exceed 1,300 with over 4,800 missing.