എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

  • സഹപാഠിയുടെ നഗ്നചിത്രം ഫോര്‍വേഡ് ചെയ്തെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍. നഗ്നനാക്കി, മൂത്രം കുടിപ്പിച്ച്, വിഡിയോ പ്രചരിപ്പിച്ചു. പ്രതിയായ പതിനേഴുകാരനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയച്ച് കോടതി

സുഹൃത്തിന്റെ നഗ്നചിത്രം മറ്റുള്ളവർക്ക് അയച്ചുകൊടുത്തെന്നാരോപിച്ച് സഹപാഠിയെ അതിക്രൂരമായി മർദിക്കുകയും നഗ്നനാക്കി മൂത്രം കുടിപ്പിക്കുകയും ചെയ്ത കേസിൽ പതിനേഴുകാരന് തടവുശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് കുറഞ്ഞത് ഒരു വർഷത്തെ ദുര്‍ഗുണപരിഹാര പരിശീലനമാണ് കോടതി വിധിച്ചത്. സിംഗപ്പൂരിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം.

സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് പതിനാലുകാരനായ സഹപാഠിയെ പ്രതി ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയത്. പണം തട്ടിയെടുക്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, സംഘം ചേർന്ന് അക്രമം നടത്തൽ ഉൾപ്പെടെ നാല് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ മൂന്ന് കുറ്റങ്ങളും പ്രതി കോടതിയിൽ സമ്മതിച്ചു. സംഭവസമയത്ത് പ്രതിക്ക് 18 വയസ് തികഞ്ഞിട്ടില്ലാത്തതിനാൽ സിംഗപ്പൂരിലെ നിയമപ്രകാരം ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല.

2024 മേയ് 20-നാണ് സംഭവങ്ങളുടെ തുടക്കം. പതിനാലുകാരനായ സഹപാഠി തന്റെ നഗ്നചിത്രം മറ്റുള്ളവർക്ക് അയച്ചുകൊടുത്തതായി പ്രതിയുടെ സുഹൃത്ത് പരാതി പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞ്, പ്രതിയും മറ്റുരണ്ട് സുഹൃത്തുക്കളും ചേർന്ന് സ്കൂളിലെ ശുചിമുറിയിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞുവെച്ചു. പതിനാലുകാരനെ ക്രൂരമായി മർദിച്ച സംഘം, കുട്ടിയെ നഗ്നനാക്കി മുട്ടുകുത്തി നിര്‍ത്തി മാപ്പ് പറയിപ്പിച്ചു. അക്രമത്തിനിടെ കൂട്ടത്തിലൊരാൾ കഴുത്ത് ഞെരിച്ചതിനെ തുടർന്ന് വിദ്യാർഥി ബോധരഹിതനാവുകയും അപസ്മാര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു.

അന്നുതന്നെ ഉച്ചയ്ക്ക് സംഘം ഇതേ വിദ്യാർഥിയെ കാർ പാർക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും മർദിച്ചു. ഇവിടെവെച്ച് പ്രതിയും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് മാറിമാറി ആക്രമിക്കുകയും, കൂട്ടത്തിലൊരാൾ വിദ്യാർഥിയെക്കൊണ്ട് നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. അതിക്രമം മുഴുവൻ പ്രതിയുടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് പ്രതി ഈ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റിൽ പങ്കുവെച്ചു. വീഡിയോ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുൻപും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

ശിക്ഷിക്കപ്പെട്ട പതിനേഴുകാരനെതിരെ മുന്‍പും ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പൊലീസ് നടപടിയുണ്ടായിരുന്നു. ടെലിഗ്രാം വഴി പരിചയപ്പെട്ട പന്ത്രണ്ടുകാരിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം, ഇവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് 12 മാസത്തെ നിരീക്ഷണ മുന്നറിയിപ്പും താക്കീതും നൽകിയാണ് അന്ന് പോലീസ് ഇയാളെ വിട്ടയച്ചത്. ഈ കാലയളവിനുള്ളിൽ കുറ്റകൃത്യം ആവർത്തിച്ചതോടെയാണ് കോടതി കർശന ശിക്ഷാ നടപടികളിലേക്ക് കടന്നത്.

Forced to Strip, Drink Urine: Singapore Teen Sentenced for Savage Attack on Classmate:

A 17-year-old youth in Singapore has been sentenced to at least one year of reformative training for brutally assaulting his 14-year-old classmate over an alleged nude photo leak. The victim was ambushed in a school restroom, choked until he lost consciousness, forced to strip naked, and later made to drink urine in a multi-storey car park. The attackers filmed the heinous act and circulated it on Instagram, prompting school authorities to alert the police. The court handed down the sentence after noting that the accused had committed these violent offenses while already on a 12-month police conditional warning for sextortion.