മറവിരോഗമുള്ള വയോധികയെ പരിചരിക്കുന്നതിന് പകരം എടുത്തെറിഞ്ഞ് ഹോം നഴ്സ്. സിംഗപ്പുരിലാണ് സംഭവം. മദ്യലഹരിയില്‍ കാമുകനുമായി വഴക്കിട്ടതിന് പിന്നാലെയാണ് 80കാരിയെ മ്യാന്‍മര്‍ സ്വദേശിയായ വെയ് നേയ് ചോങ് എടുത്തെറിഞ്ഞത്.

വയോധികയുടെ വീട്ടില്‍ താമസിച്ചാണ് ചോങ് പരിചരിച്ച് വന്നത്. മറവിരോഗമായതിനാല്‍ സദാസമയവും അടുത്താളുണ്ടാവേണ്ടത് അത്യാവശ്യവുമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 28ന് യുവതി മദ്യപിച്ച് കാമുകനുമായി വഴക്കിട്ടു. രാത്രി 9 ആയതോടെ ഇവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയ്ക്ക് നേരെ കയര്‍ത്തു. ഇതിന് പിന്നാലെ ഇവരുടെ കട്ടിലിന് സമീപമുള്ള കസേരയില്‍ ചവിട്ടി ശബ്ദമുണ്ടാക്കുകയും ഊന്നുവടി എടുത്ത് നഴ്സ് വലിച്ചെറിയുകയും ചെയ്തു. 

ഭയന്നുപോയ വയോധിക പതിയെ നടന്ന് വാതില്‍ തുറന്ന് പുറത്തുപോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ നഴ്സ് അകത്തേക്ക് വലിച്ചുകൊണ്ടുപോയി പുറത്ത് ചവിട്ടുകയായിരുന്നു. വീണ്ടും വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ വയോധികയെ നഴ്സ് എടുത്ത് തറയിലേക്കെറിഞ്ഞു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരി പൊലീസില്‍ വിവരം അറിയിച്ചു. അപ്പോഴേക്കും വയോധിക ബോധം നഷ്ടപ്പെട്ട് തറയില്‍ വീണു.

തുടര്‍ന്ന് പൊലീസ് എത്തി വയോധികയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ കയ്യിലും കാലിലും മുഖത്തും ആഴത്തില്‍ മുറിവുകളുണ്ട്. ചോങിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 17 ആഴ്ചത്തെ കഠിനതടവും ചോങിന് കോടതി വിധിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports on a shocking incident in Singapore where a home nurse, under the influence of alcohol and after an argument with her boyfriend, physically assaulted an 80-year-old woman suffering from dementia. The nurse was subsequently arrested and sentenced to 17 weeks in prison for her actions.