ഫയല്‍ ചിത്രം

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ  എണ്ണക്കരാറിൽ ഒപ്പുവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ യാഥാർഥ്യമായാൽ, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ഇതുവരെ ഉപയോഗിക്കാത്ത വൻ എണ്ണശേഖരം ഉൽപ്പാദനച്ചെലവിന് ലഭ്യമാക്കാൻ അമേരിക്കയ്ക്ക് സാധിക്കും. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാർ ചർച്ച ചെയ്തതെന്ന് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിലാണ് അമേരിക്കയും വെനസ്വേലയും ഒപ്പുവച്ചിരിക്കുന്നത്’ എന്നാണ് ട്രംപ് അവകാശപ്പെട്ടത്.

6,500 കോടി ബാരൽ ശേഷിയുള്ള 17 എണ്ണപ്പാടങ്ങളുടെ വികസനമാണ് കരാറിലുള്ളതെന്ന് ഡെൽസി റോഡ്രിഗസിന്റെ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണമേഖലയിൽ 10,000 കോടി ഡോളറിന്‍റെ നിക്ഷേപവും, രാജ്യത്തിന് നികുതിയിനത്തിൽ 20,900 കോടി ഡോളറിലധികം വരുമാനവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തിൽ കരാർ വലിയ സ്വാധീനം ചെലുത്തുമെന്നും റോഡ്രിഗസ് ടെലിഗ്രാമിൽ കുറിച്ചു. കരാറിന്‍റെ ഭാഗമായി ഒരു സ്വകാര്യ ഓപ്പറേറ്ററുമായി സഹകരിച്ച് പുതിയ സ്വകാര്യ കമ്പനി രൂപീകരിക്കാൻ അമേരിക്കയ്ക്ക് സാധിക്കും. എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിന് കമ്പനിക്ക് 100 വർഷത്തെ അവകാശം നൽകിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ്  ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

പുതിയ കമ്പനിയുടെ 55 ശതമാനം ഉൽപ്പാദന അവകാശം അമേരിക്കയ്ക്കായിരിക്കും. ഇതിൽ ഉടമസ്ഥാവകാശ പങ്കാളിത്തവും ഉൽപ്പാദനച്ചെലവിന് എണ്ണ വാങ്ങാനുള്ള അവകാശവും ഉൾപ്പെടും. പദ്ധതി യാഥാർഥ്യമായാൽ സൗദി അരാംകോയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള കമ്പനികളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടി നാർക്കോ-ടെററിസം, ലഹരികടത്ത്  തുടങ്ങിയ കേസുകളിൽ യുഎസിലേക്ക് കൊണ്ടുപോയി  ഒൻപത് മാസങ്ങൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. നിലവിൽ അമേരിക്കയിൽ തടവിൽ കഴിയുന്ന മഡൂറോ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള യുദ്ധം ആറുമാസം പിന്നിട്ടിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ അമേരിക്കയിൽ പെട്രോൾ വില ഉയരുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ഇതിന്‍റെ ഭാഗമായി അമേരിക്ക അടിയന്തര എണ്ണശേഖരത്തിൽനിന്ന് എണ്ണ പുറത്തെടുത്തിരുന്നു. ഇതോടെ ഓഗസ്റ്റ് ആദ്യം രാജ്യത്തിന്‍റെ അടിയന്തര എണ്ണശേഖരം 30 കോടി ബാരലിന് താഴെയായി കുറഞ്ഞു. എന്നാൽ പുതിയ എണ്ണക്കരാറിലൂടെ അമേരിക്കയിൽ പെട്രോൾ വില ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വെനസ്വേലയിലെ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാനും എണ്ണമേഖല വികസിപ്പിക്കാനും വർഷങ്ങളും കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപവും ആവശ്യമാണ്. അതിനാൽ എണ്ണ ഉൽപ്പാദനം പെട്ടെന്ന് ഉയർത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ അസ്ഥിരതയും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വൻകിട അമേരിക്കൻ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിക്ഷേപം നടത്താൻ മടിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വിദേശ കമ്പനികളുടെ ആസ്തികൾ ദേശസാൽക്കരിച്ചപ്പോൾ അമേരിക്കൻ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടായിരുന്നു. എന്നാൽ തന്‍റെ ഭരണകൂടം വെനസ്വേലയിൽ സ്ഥിരത കൊണ്ടുവന്നുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. അധികാരമേറ്റതിന് പിന്നാലെ റോഡ്രിഗസ് ഒപ്പുവച്ച പുതിയ നിയമം രാജ്യത്തെ എണ്ണമേഖലയിൽ സ്വകാര്യ നിക്ഷേപത്തിനും സ്വകാര്യവൽക്കരണത്തിനും വഴിയൊരുക്കിയിരുന്നു.

കരാറിലൂടെ ലഭിക്കുന്ന എണ്ണ അമേരിക്കയുടെ അടിയന്തര എണ്ണശേഖരത്തിലേക്കും സൈനിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. രാജ്യത്ത് ഏകദേശം 30,300 കോടി ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് കണക്ക്. ഇത് ലോകത്തെ ആകെ എണ്ണശേഖരത്തിന്റെ ഏകദേശം 17 ശതമാനമാണ്. എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മറ്റ് പ്രതിസന്ധികളും കാരണം ആഗോള എണ്ണ ഉൽപ്പാദനത്തിൽ വെനസ്വേലയുടെ പങ്ക് നിലവിൽ ഏകദേശം 1 ശതമാനം മാത്രമാണ്.

US and Venezuela Ink Historic Oil Deal:

The US and Venezuela have signed a historic oil deal, a significant development that could grant the United States access to Venezuela's vast, untapped oil reserves at production cost. This agreement, announced by President Donald Trump, involves the development of 17 oil fields with a capacity of 65 billion barrels, promising substantial investment and revenue for Venezuela