Buildings destroyed by floodwaters in Dhunge, Nuwakot district of Nepal. Rescue operations using excavators are underway in the mud-covered area. @ JOSEKUTTY PANACKAL / MANORAMA
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇന്ത്യക്കാരും മരണപ്പെട്ടതായി സൂചന. മരിച്ചവര്‍ക്ക് നേപ്പാൾ പ്രസിഡന്റ് അനുശോചനം അറിയിച്ചു. ഇന്ത്യ നൽകുന്ന അടിയന്തര സഹായങ്ങൾക്ക് നന്ദി അറിയിച്ചുള്ള സന്ദേശത്തിലാണ് നേപ്പാൾ പ്രസിഡന്റിന്‍റെ അനുശോചനം. എന്നാൽ മരണപ്പെട്ടവരിൽ ഇന്ത്യക്കാരുണ്ടെന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദുരന്തം വിതച്ച മിന്നൽ പ്രളയമുണ്ടായി നാലു ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 626 ആയി ഉയർന്നു. പ്രദേശത്തുനിന്ന് ഇനി 2,482 പേരെ കണ്ടുകിട്ടാനുണ്ട്. കാണാതായവരിൽ 8 മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.
ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി 11 അംഗ ഇന്ത്യൻ വിദഗ്ധ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. തുരങ്ക രക്ഷാദൗത്യ വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കുചേർന്നത്. മേഖലയിലെ 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായതിനാലാണ് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത്.
അതേസമയം, ദുരന്തമേഖലയിലെ നേരിട്ടുള്ള തിരച്ചിലിനായി ദേശിയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) ആവശ്യപ്പെടാൻ നേപ്പാൾ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങൾക്ക് ഭാഗിക അനുമതി മാത്രമാണ് നേപ്പാൾ നൽകിയിട്ടുള്ളത്. എൻ.ഡി.ആർ.എഫിന്റെ നാല് ടീമുകൾ ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ സജ്ജമായി കാത്തുനിൽക്കുകയാണ്. കാണാതായ ഇന്ത്യക്കാരുടെ നിലയില്‍ ആശങ്ക തുടരുന്നതിനിടെ എന്‍ഡിആര്‍എഫിനെ അയയ്ക്കാന്‍ ഇന്ത്യ നേപ്പാളില്‍ സമ്മര്‍ദം ചെലുത്തിയേക്കും.
അടിയന്തര രക്ഷാപ്രവർത്തനത്തിന് NDRF സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. ഇന്ത്യയ്ക്ക് പുറമെ ചൈന, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് നേപ്പാള്‍ തിരച്ചിലിന് ഭാഗിക അനുമതി നല്‍കിയത്. ടണല്‍ രക്ഷാ ദൗത്യത്തിന്‍റെ സാധ്യത പരിശോധിച്ചശേഷം ഇന്ത്യ കൂടുതല്‍ സംഘത്തെ നേപ്പാളിലേക്ക് അയയ്ക്കും. ഫീല്‍ഡ് ആശുപത്രികളുമായി വലിയൊരു മെഡിക്കല്‍ സംഘവും തയാറാണ്. ഇതുവരെ 62 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. നേപ്പാളില്‍ പെയ്യുന്ന മഴയും പ്രളയജലം ഒഴുകിയെത്തുന്നതും കാരണം ബിഹാറിലെ നാല് നദികളില്‍ അടുത്ത 72 മണിക്കൂറിലേക്ക് ജാഗ്രത പ്രഖ്യാപിച്ചു.
അതിനിടെ, അതിർത്തി മേഖലയിലെ ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് കുത്തനെ ഉയരുന്നത് കടുത്ത ഭീഷണിയായി തുടരുകയാണ്. പ്രദേശത്ത് ഇനിയും ഹിമതടാകങ്ങൾ പൊട്ടി പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതടങ്ങളിലെ തടാകങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ വർദ്ധിച്ച സാഹചര്യത്തിൽ പ്രദേശം അതീവ ജാഗ്രതയിലാണ്.