Image Credits: @nytimes
നേപ്പാളിലെ ദുരന്തത്തിന് തുടക്കമിട്ട ഹിമപാതത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. ടിബറ്റൻ ഭാഗത്തെ ഹിമാലയ മേഖലയിൽ ടൂറിസ്റ്റ് പകർത്തിയ ദൃശ്യങ്ങൾ ന്യൂയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്. ദുരന്തത്തിന് പിന്നാലെയുള്ള പ്രദേശത്തിന്‍റെ നിലവിലെ അവസ്ഥയാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മലയിടുക്കിന്‍റെ വലിയൊരു ഭാഗം വൃത്താകൃതിയിൽ അടർന്നുപോയി രൂപപ്പെട്ട കൂറ്റൻ ഗർത്തമാണ് ദൃശ്യങ്ങളിലെ പ്രധാന കാഴ്ച. ലങ്ടാങ് ലിരുങ് കൊടുമുടിയുടെ ഒരു വശം തന്നെ പൂർണമായും അടർന്നുപോയത് കാണാം. ഗർത്തത്തിലേക്ക് ഹിമപാളികൾ പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദുരന്തത്തിന്‍റെ തീവ്രത എത്രത്തോളം വലുതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകൾ. ദുരന്തത്തിന് പിന്നാലെ താഴ്‌വരയിൽ പുതുതായി രൂപപ്പെട്ട തടാകങ്ങളിൽനിന്ന് മഞ്ഞും പൊടിയും കലർന്ന വൻ പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതുതായി രൂപപ്പെട്ട രണ്ട് തടാകങ്ങളെക്കുറിച്ച് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം നേപ്പാളിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ദുരന്തമേഖലയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന മഴയാണ് ഇപ്പോൾ കൂടുതൽ ആശങ്ക ഉയർത്തുന്നത്. പുതുതായി രൂപപ്പെട്ട തടാകങ്ങളിലൊന്നിൽ ഏകദേശം 250 കോടി ലീറ്റർ വെള്ളമാണ് നിലവിലുള്ളത്. ചൈന ഈ തടാകത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തടാകത്തിലെ ജലനിരപ്പ് 300 കോടി ലീറ്ററിലേക്ക് ഉയർന്നാൽ കരകവിഞ്ഞ് വെള്ളം താഴേക്ക് ശക്തമായി ഒഴുകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചൊച്ചെൻ കോല, പുരെപു സാങ്പോ എന്നീ നദികളിൽ നിന്നുള്ള വെള്ളമാണ് തടാകത്തിലേക്ക് എത്തുന്നത്.
അതേസമയം, തടാകം പൊട്ടാതെ നിന്നാൽ വെള്ളം ക്രമേണ ചെറിയ പുഴയായി ഒഴുകിപ്പോകാനും ജലനിരപ്പ് താഴാനും സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തടാകത്തിൽനിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ ഉരുൾപൊട്ടലിൽ പുഴയുടെ സ്വാഭാവിക പാതയുടെ വീതി വർധിച്ചിട്ടുള്ളതിനാൽ പുതിയ തടാകം പൊട്ടിയാൽ വെള്ളം കൂടുതൽ ശക്തമായി താഴേക്ക് ഒഴുകുമെന്ന ആശങ്കയും നിലനിൽക്കുന്നു.