മലകയറ്റത്തിന് ഉടമയോടൊപ്പം പോയ നായ ആരോ വലിച്ചെറിഞ്ഞ ലഹരി ചേര്‍ന്ന കുക്കീസ് കഴിച്ച് കിറുങ്ങി. സ്കോട്‍ലന്‍ഡിലാണ് സംഭവം. പ്രശസ്തമായ ലോക്കബെര്‍ മലനിരകളിലാണ് ടോക്കിയോ എന്ന ലാബ്രഡോര്‍ നായയും ഉടമയും കയറിയത്. മലകയറി ഒരു മണിക്കൂര്‍ ആകവെ നായ മുന്‍പാരോ വലിച്ചെറിഞ്ഞ പലഹാരങ്ങള്‍ കഴിക്കുകയായിരുന്നു. ഉടമ ഇത് ശ്രദ്ധിച്ചില്ല.
പിന്നീട് മല കയറുന്നതിനിടെ നായയ്ക്ക് കാലുകള്‍ക്ക് ബലം കുറയാനും ക്ഷീണിതനാകാനും തുടങ്ങി. ചെങ്കുത്തായ പര്‍വതത്തില്‍ നിന്നും നായയെ താങ്ങിയെടുത്ത് പോകാനാകാത്ത അവസ്ഥ. ഒടുവില്‍ ഹെലികോപ്റ്റര്‍ സഹായം വിളിച്ചാണ് ടോക്കിയോയെ താഴെയിറക്കിയത്. തുടര്‍ന്ന് പരിശോധനയിലാണ് ലഹരി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ടോക്കിയോ പഴയ അവസ്ഥയിലെത്തി.