യുഎസ്–ഇറാൻ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമവുമായി പാക്  സൈനിക മേധാവി അസിം മുനീര്‍ ഇറാനിലേക്ക്. നാളെ ടെഹ്റാനിലെത്തുന്ന അസിം മുനീര്‍ യു.എസും  ഇറാനുമായി വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ ലക്ഷ്യമിട്ട് മധ്യസ്ഥശ്രമങ്ങള്‍ നടത്തും. അസിം  മുനീറിനൊപ്പം ഒരു ഉന്നതതല സംഘവുമുണ്ടാകുമെന്നും  ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി  അറിയിച്ചു. ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ സന്നദ്ധമായില്ലെങ്കില്‍ കടുത്ത സാമ്പത്തിക  നടപടിക്ക് യു.എസ് തയാറെടുക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയുടെ മധ്യസ്ഥശ്രമം.  ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. 

 

ആണവപദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് പാകിസ്ഥാന്റെ ഇടപെടൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ സാധിച്ചാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിനായി ഇറാനുമായും യുഎസുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

 

Also read: ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് ഇറാന്‍; എല്ലാ സാമ്പത്തിക ബന്ധങ്ങളും നിര്‍ത്തിയെന്ന് യുഎഇ


അസിം മുനീറിന്റെ ഇറാൻ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം പാക് പ്രാദേശിക നയതന്ത്ര സ്വാധീനം ശക്തിപ്പെടുത്താനും നീക്കം ലക്ഷ്യമിടുന്നതായാണ് വിലയിരുത്തൽ. യുഎസ്–ഇറാൻ ബന്ധത്തിൽ മഞ്ഞുരുകലുണ്ടാക്കാൻ അസിം മുനീറിന്റെ ഇടപെടല്‍ എത്രത്തോളം സാധിക്കുമെന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.

ENGLISH SUMMARY:

Asim Munir's visit to Iran aims to resume US-Iran talks and de-escalate Middle East tensions. This diplomatic initiative by the Pakistan Army Chief seeks to mediate between the two nations amidst economic sanctions concerns.