A screen displays the total U.S. National Debt, which surpassed $40 trillion for the first time according to the Treasury Department, in New York City (REUTERS/Brendan McDermid)

  • അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ കടന്നതായി ഔദ്യോഗിക കണക്കുകൾ. സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്ക.

അമേരിക്കയുടെ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ കടന്നതായി ഔദ്യോഗിക കണക്കുകൾ. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2026 ഓഗസ്റ്റ് 18 ഓടെ മൊത്തം പൊതു കടം 40.047 ട്രില്യൺ ഡോളറായി ഉയർന്നു. ഈ വർഷം മാർച്ചിൽ കടം 39 ട്രില്യൺ ഡോളർ എന്ന റെക്കോര്‍ഡ് പിന്നിട്ടതിന് പിന്നാലെയാണ് അഞ്ച് മാസത്തിനുള്ളിൽ രാജ്യം പുതിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അമേരിക്കയുടെ കടം ഇരട്ടിയായാണ് വർദ്ധിച്ചത്. 1981-ൽ ആദ്യമായി കടം ഒരു ട്രില്യൺ ഡോളറിൽ എത്തുമ്പോൾ, അത് വലിയൊരു മുന്നറിയിപ്പായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ ഇന്ന്, പലിശയിനത്തിൽ മാത്രം രാജ്യം വൻ തുക ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. പലിശ നിരക്കുകളും രാജ്യത്തിന്‍റെ കടമെടുക്കലും വർദ്ധിച്ചതോടെ വാങ്ങിയ കടത്തിന്റെ പലിശ തിരിച്ചടവുകളും കുതിച്ചുയർന്നു.

കോവിഡ്-19 മഹാമാരിയെ നേരിടാൻ നടത്തിയ പദ്ധതികളുടെ വൻതോതിലുള്ള ചെലവുകൾ, നികുതി വെട്ടിക്കുറയ്ക്കലുകൾ, സൈനിക ചെലവുകൾ എന്നിവയാണ് കടം പെരുകാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, നികുതി കുറയ്ക്കുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നിലധികം പാക്കേജുകൾ പാസാക്കിയിട്ടുണ്ട്. 2017 ലെ ടാക്സ് കട്ട്സ് ആൻഡ് ജോബ്സ് ആക്റ്റ്, ട്രംപിന്റെ 2025 ലെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്, കോവിഡ്-19 പാൻഡെമിക് റിലീഫ് ബില്ലുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നടപടികൾ കാലക്രമേണ ഫെഡറൽ കടം ട്രില്യൺ കണക്കിന് ഡോളർ വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തിന് ‘പ്രായമാകുന്നു’ എന്നും റിപ്പോര്‍ട്ടുണ്ട്. 1946 നും 1964 നും ഇടയിൽ ജനിച്ച ‘ബേബി ബൂമർമാർ’ ദിവസവും വിരമിക്കുകയും മുതിർന്ന പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തു. അതായത്, സാമൂഹിക സുരക്ഷയ്ക്കും മെഡികെയറിനും വേണ്ടി ഫെഡറൽ ഗവൺമെന്റ് കൂടുതൽ പണം ചെലവഴിക്കുന്നു. എന്നാല്‍ വർദ്ധിച്ചുവരുന്ന ഗുണഭോക്താക്കളുടെ എണ്ണം നിലനിർത്താൻ ആവശ്യമായ തൊഴിലാളികളില്ലാതെ ഈ അടിസ്ഥാന പദ്ധതികൾ കൂടുതൽ അസ്ഥിരമായ സാഹചര്യത്തിലാണ്. നിലവിൽ, പ്രതിരോധ ബജറ്റിനേക്കാളും മെഡികെയർ ചെലവുകളേക്കാളും കൂടുതൽ തുക സർക്കാർ കടത്തിന്റെ പലിശ അടയ്ക്കുന്നതിനായി ഉപയോഗിക്കേണ്ടി വരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തിന്റെ വരുമാനത്തേക്കാൾ കൂടുതൽ സർക്കാർ ചെലവഴിക്കുന്നതും, ബജറ്റ് കമ്മി നിയന്ത്രിക്കാൻ കഴിയാത്തതും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇത് പണപ്പെരുപ്പം വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തകർക്കാനും ഇടയാക്കും. സെപ്റ്റംബർ 30-നകം പുതിയ ചെലവ് ബില്ലുകൾ പാസാക്കിയില്ലെങ്കിൽ ഫെഡറൽ സർക്കാർ പ്രവർത്തനങ്ങൾ സ്തംഭിച്ചേക്കാമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ട്രംപിന്റെയും ജോ ബൈഡന്റെയും ഭരണകാലയളവുകളിൽ ഉണ്ടായ നയപരമായ തീരുമാനങ്ങൾ കടം വർദ്ധിക്കുന്നതിന് വഴിയൊരുക്കിയെന്നും റിപ്പോർട്ടുണ്ട്.

ഈ അവസ്ഥയില്‍ തന്നെ അമേരിക്ക തുടര്‍ന്നാല്‍ വെറും ആറ് വർഷത്തിനുള്ളിൽ കടം 50 ട്രില്യൺ ഡോളറിലെത്തുമെന്നും 10 വർഷം മുമ്പ് വരെ 20 ട്രില്യൺ ഡോളറിൽ താഴെയായിരുന്നു കടമെന്നും ധനകാര്യ വിദഗ്ദന്‍ മൈക്കൽ പീറ്റേഴ്‌സൺ പറഞ്ഞു. 2023 മെയില്‍ അമേരിക്കയുടെ ദേശീയ കടം 2028 സാമ്പത്തിക വർഷത്തിൽ 40 ട്രില്യൺ ഡോളറെന്ന റെക്കോര്‍ഡ് കടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആ റെക്കോര്‍ഡ് പിന്നിട്ടു. കടത്തിന്റെ വലിപ്പവും വേഗതയും ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ഈ അവസ്ഥ, ആഗോള വിപണിയിലും വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. കടക്കെണിയിൽ നിന്ന് കരകയറാൻ അടിയന്തരമായ സാമ്പത്തിക ക്രമീകരണങ്ങൾ ആവശ്യമാണെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ENGLISH SUMMARY:

Official figures from the US Treasury Department indicate that the national debt has surpassed the historic milestone of 40 trillion dollars. This rapid increase has been driven by heavy federal expenditures, tax cuts, and growing interest burdens over recent years. Economic experts warn that mounting deficits and interest payments pose serious long-term threats to the nation's economic stability. Furthermore, rising obligations for social security and medicare amid an aging population continue to strain federal finances.