• മാര്‍ച്ച് ഒന്നിന് കുവൈത്തിലെ ശുഐബ തുറമുഖത്തിലെ യുഎസ് സൈനികകേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആറ് അമേരിക്കന്‍ സൈനികരാണ് ഇറാന്‍റെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ സ്റ്റാര്‍ലിങ്ക്  ഇന്‍റര്‍നെറ്റ് സേവനം ഇറാന്‍ സൈന്യം ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. വളരെ വൈകിയാണ് മസ്ക് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം അമ്പരന്ന് പോയെന്നും ഉന്നതരെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ച ദിവസങ്ങളില്‍ അനധികൃതമായി ആരോ ഇന്‍റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തിയതായി സ്പേസ് എക്സ് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ സൈന്യത്തിനെതിരെ ഇറാന്‍ നടത്തിയ ആക്രമണമാണിതെന്ന് സ്പേസ് എക്സ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും നിരീക്ഷണത്തിനുമാണ് സ്റ്റാര്‍ലിങ്ക് സേവനം ഇറാന്‍ പ്രയോജനപ്പെടുത്തിയത്. ഇക്കാര്യം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിന് നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്  തങ്ങള്‍ക്ക് അറിവില്ലെന്നാണ് പെന്‍റഗണിന്‍റെ പ്രതികരണം.

മാര്‍ച്ച് ഒന്നിന് കുവൈത്തിലെ ശുഐബ തുറമുഖത്തിലെ യുഎസ് സൈനികകേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആറ് അമേരിക്കന്‍ സൈനികരാണ് ഇറാന്‍റെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. അതേസമയം, യുദ്ധത്തില്‍ അമേരിക്കയും ഇറാനും സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മസ്ക് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗ്രൗണ്ട് ബേസ്ഡ് ഓപറേഷനായി സ്റ്റാര്‍ലിങ്ക് സേവനം പണം നല്‍കി വാങ്ങിയ ശേഷമാണ് യുഎസ് സൈന്യം ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉപയോഗപ്പെടുത്തിയെന്നത് മസ്കിനെ കുപിതനാക്കിയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഈ വിഷയത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാന്‍ മസ്കോ സ്പേസ് എക്സോ തയാറായിട്ടില്ല. സംഭവത്തിന് പിന്നാലെ റീസെല്ലര്‍മാര്‍ വഴിയും സ്റ്റാര്‍ലിങ്ക് സേവനം വാങ്ങുന്നവരുടെ വിവരങ്ങള്‍ സ്പേസ് എക്സ് ശേഖരിച്ചുവെന്നും സൂചനയുണ്ട്. 

അതിനിടെ ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്പേസ്എക്സ് ആസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതിന്റെ എഐ വിഡിയോ ഇറാന്‍റെ ദേശീയ മാധ്യമ ഏജന്‍സിയായ മെഹ്ര്‍ പുറത്തുവിട്ടു. കെട്ടിടങ്ങളില്‍ പൊട്ടിത്തെറിയുണ്ടാകുന്നതിന്‍റെയും വന്‍തോതില്‍ തീ ഉയരുന്നതിന്‍റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍. ' അമേരിക്കന്‍ ജനതയെ ഞങ്ങള്‍ ഉപദ്രവിക്കില്ല. ഇതൊരു മുന്നറിയിപ്പായി കണ്ടാല്‍ മതി' എന്നായിരുന്നു വിഡിയോയ്ക്കൊപ്പം ഇംഗ്ലിഷിലുള്ള സന്ദേശം. തെക്കന്‍ ഇറാനിലെ മിനാബിലെ സ്കൂളില്‍ അമേരിക്ക ഫെബ്രുവരി 28ന് നടത്തിയ ആക്രമണത്തെ കുറിച്ചും വിഡിയോയില്‍ സൂചനയുണ്ട്. 175 സ്കൂള്‍ വിദ്യാര്‍ഥിനികളാണ് അന്ന് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

അതേസമയം, ഇറാനില്‍ സ്റ്റാര്‍ലിങ്ക് ലഭ്യമാണെന്ന് മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും നിയമപരമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചിട്ടില്ല. ഭരണകൂടം ഏര്‍പ്പെടുത്തുന്ന ഇന്‍റര്‍നെറ്റ് വിലക്കിെന മറികടക്കാന്‍ താന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് പറഞ്ഞാണ് മസ്ക് മുന്‍പ് സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ യുഎസ് സര്‍ക്കാരാണ് ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഇറാനിലെത്തിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Iran allegedly used SpaceX's Starlink satellite internet service to coordinate drone attacks, including the March 1 strike on a US military facility at Kuwait's Shuaiba port that killed six American soldiers, according to a Washington Post report. The report claims Elon Musk was shocked to learn that Iran had exploited the service and subsequently dismissed two senior employees over the security breach. Starlink was reportedly used for drone guidance and surveillance, while the Pentagon has said it has no knowledge of the alleged incident. Meanwhile, Iranian state media released an AI-generated video depicting drone attacks on the headquarters of Amazon, Microsoft and SpaceX, accompanied by a warning message directed at the United States.