Image: Facebook/Dendermonde Local Police
ബെൽജിയത്തിൽ ഓട നിർമ്മാണത്തിനിടെ 18 വയസ്സുകാരനായ യുവാവിന് ലഭിച്ചത് 98 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ നിധി! ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിലാണ് സംഭവം. ഭൂഗര്‍ഭ പൈപ്പുകൾ മാറ്റുന്നതിനിടെയാണ് 18 വയസ്സുകാരനായ കോബെ എന്ന യുവാവ് സ്വർണ്ണക്കട്ടികളും നാണയങ്ങളും അടങ്ങിയ നിധി കണ്ടെത്തിയത്.
പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് കുഴിച്ചപ്പോളാണ് സ്വർണ്ണ നാണയങ്ങളും ബിസ്കറ്റുകളും ഉൾപ്പെടുന്ന ബാഗ് കണ്ടെത്തിയത്. ആദ്യം ഇത് ഒരു യൂറോയുടെ നാണയങ്ങളാണെന്നാണ് കോബെ കരുതിയത്. കൂടുതല്‍ കുഴിച്ചപ്പോളാണ് സ്വർണ്ണക്കട്ടികളാണെന്ന് തിരിച്ചറിഞ്ഞത്. 19-ാം നൂറ്റാണ്ടിലെ ബ്രൂവറി ഉടമയായിരുന്ന തിയോഫിലസ് വാൻ ആഷെ നിർമ്മിച്ച ഒരു പഴയ വില്ലയുടെ നിലവറയിലെ ചുവരിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. സ്വർണ്ണക്കട്ടികൾ, സ്വർണ്ണ നാണയങ്ങൾ, സ്വർണ്ണാഭരണങ്ങൾ എന്നിവ അടങ്ങിയ ബാഗ് ചുവരിൽ അടച്ചുറപ്പുള്ള രീതിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഏകദേശം 9 ദശലക്ഷം യൂറോ (ഏകദേശം 98 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണമാണ് കണ്ടെടുത്തത്. ഉടന്‍ തന്നെ കോബെയും കൂടെ ജോലി ചെയ്യുന്നവരും പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അധികൃതർ സ്ഥലത്തെത്തി സ്വർണ്ണം സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി. ഈ സ്വർണ്ണത്തിന് അവകാശികൾ ആരെങ്കിലുമുണ്ടോയെന്നും, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടതാണോ എന്നും ബെൽജിയം അധികൃതർ അന്വേഷിച്ചു വരികയാണ്.
ബെൽജിയത്തിലെ നിയമമനുസരിച്ച്, ഇത്തരത്തിൽ നിധികൾ കണ്ടെത്തിയാൽ യഥാർഥ അവകാശികൾക്കായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. കെട്ടിട ഉടമകളോ വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികളോ സ്വർണ്ണത്തിന് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. അതേസമയം, അവകാശികള്‍ എത്തിയാല്‍ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ടെത്തിയ തൊഴിലാളികൾ.