Image: FIFA
ആവേശം വിതറി ഫിഫ ലോകകപ്പ് അതിന്റെ നിർണായക ഘട്ടത്തിലേക്ക്. പ്രീ-ക്വാർട്ടറിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന വമ്പൻ നിരയാണ് അവസാന എട്ടിൽ മാറ്റുരയ്ക്കുന്നത്.
പ്രീ-ക്വാർട്ടറിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഈജിപ്തിനെ 3-2 എന്ന സ്കോറിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാര്‍ട്ടറിലേക്ക് കടന്നത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അര്‍ജന്‍റീനയുടെ തകർപ്പൻ തിരിച്ചുവരവ്. അതേസമയം, അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ചാണ് നോർവേ ക്വാർട്ടറിലെത്തിയത്. സൂപ്പർ താരം എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിപ്പിച്ചത്.
അവസാന പ്രീ-ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡ് അർജന്റീനയ്ക്കെതിരെയുള്ള ക്വാർട്ടർ പോരാട്ടം ഉറപ്പിച്ചത്. പാരഗ്വായെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസും ആതിഥേയരായ മെക്സിക്കോയെ 3-2 ന് വീഴ്ത്തി ഇംഗ്ലണ്ടും പോർച്ചുഗലിനെ ഇന്‍ജറി ടൈമില്‍ (1-0) തകർത്ത് സ്പെയിനും തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.
ആതിഥേയരായ കാനഡയെ കാഴ്ചക്കാരാക്കി മൊറോക്കോയും ക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മൊറോക്കോയുടെ ജയം. അമേരിക്കയെ 4–1ന് തകര്‍ത്തായിരുന്നു ബല്‍ജിയത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. അതേസമയം, ആതിഥേയരായ കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ മൂന്നുരാജ്യങ്ങളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിക്കഴിഞ്ഞു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 10 മുതൽ ജൂലൈ 12 വരെ വിവിധ സ്റ്റേഡിയങ്ങളിലായി നടക്കും. മത്സരക്രമം ഇതാ... (ഇന്ത്യൻ സമയം - IST)
| ജൂലൈ 10 വെള്ളിയാഴ്ച | പുലർച്ചെ 01:30 | ഫ്രാന്‍സ് 🆚 മൊറോക്കൊ |
| ജൂലൈ 11, ശനിയാഴ്ച | രാത്രി 00:30 | സ്പെയിൻ 🆚 ബെൽജിയം |
| ജൂലൈ 12, ഞായറാഴ്ച | പുലർച്ചെ 02:30 | നോർവേ 🆚 ഇംഗ്ലണ്ട് |
| ജൂലൈ 12, ഞായറാഴ്ച | പുലർച്ചെ 06:30 | അർജന്റീന 🆚 സ്വിറ്റ്സർലൻഡ് |