ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന് ശേഷം മത്സരം നിയന്ത്രിച്ച റഫറിക്കെതിരെയും ഫിഫയ്ക്കെതിരെയും വിമര്‍ശനം കടുക്കുകയാണ്. മത്സരത്തിൽ 3-2 എന്ന സ്കോറിന് അർജന്റീന വിജയിച്ചെങ്കിലും, റഫറിയുടെ തീരുമാനങ്ങള്‍ വലിയ തോതിൽ വിമർശിക്കപ്പെട്ടു. ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റക്സിയര്‍ മത്സരത്തിൽ പക്ഷപാതം കാണിച്ചുവെന്നാണ് ഈജിപ്തും ആരാധകരും ആരോപിക്കുന്നത്. എന്നാല്‍ ലെറ്റക്സിയറിന്‍റെ വരവ് ആദ്യം ആശങ്കയുണര്‍ത്തിയത് അര്‍ജന്‍റീന ഫാന്‍സിനിടയിലായിരുന്നു. അതിന് അവര്‍ക്ക് വ്യക്തമായ കാരണവുമുണ്ട്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായി!
ആരാണ് ഫ്രാന്‍സ്വാ ലെറ്റക്സിയർ?
ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തരായ റഫറിമാരിൽ ഒരാളാണ് 37-കാരനായ ഫ്രഞ്ചുകാരന്‍ ഫ്രാന്‍സ്വാ ലെറ്റക്സിയർ. യൂറോ 2024 ഫൈനൽ നിയന്ത്രിച്ചതിലൂടെ ശ്രദ്ധേയനായ ലെറ്റക്സിയർ, 2024-ലെ മികച്ച പുരുഷ റഫറിക്കുള്ള ഐഎഫ്എഫ്എച്ച്എസ് (IFFHS) അവാർഡും നേടിയിരുന്നു. ലെറ്റക്സിയറിന്റെ ആദ്യ ലോകകപ്പാണിത്. അതേസമയം, ഈ ടൂർണമെന്റിൽ അദ്ദേഹം നിയന്ത്രിക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു അർജന്റീന- ഈജിപ്ത് മത്സരം. എന്നാല്‍ മത്സരത്തിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ആദ്യം പേടി അര്‍ജന്‍റീനയ്ക്ക്!
അർജന്റീന- ഈജിപ്ത് പ്രീക്വാർട്ടർ മത്സരം നടക്കുന്നതിന് മുന്‍പ് ലെറ്റക്സിയറെ റഫറിയായി നിയമിച്ചതില്‍ അർജന്റീന ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. അര്‍ജന്‍റീനയുടെ മല്‍സരത്തിന് ഫ്രഞ്ച് റഫറിമാരെ നിയോഗിക്കുന്നത് ഒട്ടും നല്ലതല്ലെന്നും, മുന്‍പുണ്ടായ ചില സംഭവങ്ങൾ ഇതിന് തെളിവാണെന്നും അർജന്റീനിയൻ മാധ്യമമായ 'ജെന്റെ ഡി സാൾട്ട' (Gente de Salta) അടക്കം എഴുതുകയുണ്ടായി. ഫ്രാൻസിനും അർജന്റീനയ്ക്കും ഇടയിലുള്ള കടുത്ത വൈരമാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്.
2022-ലെ ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷമാണ് അർജന്റീന– ഫ്രാൻസ് വൈരം മറ്റൊരു തലത്തിലേക്ക് എത്തിയത്. മല്‍സരത്തില്‍ അർജന്റീന പെനൽറ്റി ഷൂട്ടൗട്ടിലൂടെ കിരീടം നേടിയ ശേഷം, അർജന്റീന താരങ്ങളുടെ പെരുമാറ്റം ഫ്രാൻസിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർജന്റീനൻ ഗോൾകീപ്പർ മാർട്ടിനസിന്‍റെ ആഘോഷപ്രകടനങ്ങൾക്കെതിരെ ഫ്രഞ്ച് ആരാധകർ രംഗത്തെത്തി. എംബപെയെ പരിഹസിച്ചുകൊണ്ടുള്ള മാർട്ടിനസിന്റെ പ്രവൃത്തികൾ ഫ്രാൻസിലും കായികലോകത്തും വലിയ ചർച്ചയായി. ഇതിനെത്തുടർന്ന് ഫിഫ അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ അച്ചടക്ക നടപടികൾക്ക് തുടക്കമിട്ടിരുന്നു. അന്ന് ഫൈനൽ നിയന്ത്രിച്ച റഫറി സിമൺ മാർസിനിയാക്കിന്റെ തീരുമാനങ്ങൾക്കെതിരെയും ഫ്രഞ്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ഈ ഫൈനലിന് ശേഷം നടന്ന ഒട്ടുമിക്ക മത്സരങ്ങളിലും ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നിട്ടുള്ളത്. ഈ വൈരം നിലനില്‍ക്കേ അര്‍ജന്‍റീനയുടെ മല്‍സരത്തിന് ഫ്രഞ്ച് റഫറിയെത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഫെബ്രുവരി 17-ന് റയൽ മാഡ്രിഡും ബെൻഫിക്കയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്ലേ-ഓഫ് ആദ്യ പാദ മത്സരത്തിലെ സംഭവവും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് വിനീഷ്യസിനെതിരെ അര്‍ജന്‍റീനിയന്‍ താരം ജിയാൻലൂക്ക പ്രസ്റ്റിയാനി വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ ലെറ്റക്സിയർ മത്സരം നിർത്തിവെക്കുകയും വംശീയ വിരുദ്ധ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും ചെയ്തു. ഉടനടി പ്രസ്റ്റിയാനിക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെങ്കിലും, പിന്നീട് ആറ് മത്സരങ്ങളിൽ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഇതെല്ലാം അര്‍ജന്‍റീന ആരാധകര്‍ക്കിടയില്‍ ലെറ്റക്സിയർ വിരുദ്ധമനോഭാവത്തിന് കാരണമായി.
റഫറിക്കെതിരെ ഈജിപ്ത്
മല്‍സരത്തിന് മുന്‍പ് പേടിച്ചത് അര്‍ജന്‍റീനയാണെങ്കില്‍ മല്‍സരത്തിനിടെ റഫറിക്കെതിരെ രംഗത്തെത്തിയത് ഈജിപ്തായിരുന്നു. മത്സരം 1-0 എന്ന നിലയിൽ പുരോഗമിക്കുമ്പോള്‍ ഈജിപ്ത് താരം മുസ്തഫ സീക്കോയുടെ ഒരു ഗോൾ വാർ (വിഡിയോ അസിസ്റ്റന്‍റ് റഫറി) പരിശോധനയ്ക്ക് ശേഷം ലെറ്റക്സിയർ നിഷേധിച്ചു. ബിൽഡപ്പില്‍ ഫൗൾ നടന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇത് വലിയ വിമര്‍ശനത്തിന് കാരണമായി. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തിന് ബോക്സിൽ വെച്ച് ഫൗൾ സംഭവിച്ചുവെന്നും, എന്നാൽ റഫറി പെനൽറ്റി നൽകാൻ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിച്ചു. ഈ വിഷയത്തിൽ വാർ പരിശോധന നടത്താത്തതും കടുത്ത പ്രതിഷേധത്തിന് കാരണമായി.
പിന്നാലെ, റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇനി ഒരു മത്സരവും കാണില്ലെന്ന് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസൻ പ്രതികരിച്ചു. മത്സരത്തില്‍ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവ്വം ശ്രമിക്കുന്നു എന്നും ആരോപണമുണ്ട്.