നാടകീയമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. കാനഡയിലെ വാൻകൂവർ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളൊന്നും നേടാനാകാതെ സമനിലയിൽ (0-0) പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ നാല് 4-3 നാണ് സ്വിസ് പടയുടെ വിജയം.
ശക്തമായ പ്രതിരോധ കോട്ട തീർത്താണ് ഇരുടീമുകളും പൊരുതിയത്. എങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് കൊളംബിയയായിരുന്നു. പക്ഷേ മല്‍സരത്തില്‍ ഉടനീളം ഗോള്‍ മാത്രം അകന്നു നിന്നു. പന്ത്രണ്ടാം മിനിറ്റിൽ കൊളംബിയയുെടെ ഗോൾ ശ്രമം സ്വിസ് കീപ്പർ തടുത്തിട്ടു. ഇരുപതാം മിനിറ്റിൽ കൊളംബിയയുടെ ഗുസ്താവോ പ്യുവേർട്ടയുടെ മനോഹരമായ ഷോട്ടും ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി.
ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡിന് ലഭിച്ച രണ്ട് അവസരങ്ങളും കൊളംബിയൻ ഗോളി കാമിലോ വാർഗാസ് തടഞ്ഞു. 30–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ മനോഹരമായൊരു ഷോട്ട് ഗോൾ കീപ്പർ തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റിലും സ്വിസ് ടീം ഗോളിനായി ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ കൃത്യമായി തടുത്തു. 46-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം ജിബ്രിൽ സോ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പോസ്റ്റിന് തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്കും സ്വിറ്റ്സർലൻഡിന് ഗോളാക്കാനായില്ല.
21-ാം മിനിറ്റിൽ ഗുസ്താവോ പുവെർട്ടയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സ്വിസ്സ് ഗോളി ഗ്രെഗോർ കോബെലും ടീമിനെ കാത്തു. 59–ാം മിനിറ്റിൽ കൊളംബിയയുടെ മറ്റൊരു ഷോട്ട് ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി. 63-ാം മിനിറ്റിൽ കൊളംബിയ താരം ലൂയിസ് സ്വാരസ് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് തെറിച്ചു. 74-ാം മിനിറ്റിലും കൊളംബിയ ഗോളിനായി ശ്രമിച്ചെങ്കിലും അതും സ്വിസ് ഗോൾ കീപ്പറുടെ കൈപ്പിടിയിലായി. 120 മിനിറ്റുകൾക്ക് ശേഷവും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ശാക്ക, സെകി അംദൂനി, സെഡ്രിക് ഇറ്റൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാഞ്ചിയുടെ കിക്ക് പാഴായി. എന്നാൽ അവസാന കിക്കെടുത്ത റൂബൻ വർഗാസ് കൊളംബിയൻ ഗോളി കാമിലോ വർഗാസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചതോടെ സ്വിസ് പട വിജയവും ക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.
1954-ന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ക്വാർട്ടറിൽ മെസ്സിയുടെ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. പ്രീ-ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ 3-2 ന് തകർത്താണ് അർജന്റീന ക്വാർട്ടറിലെത്തിയത്.