എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

അമേരിക്കയിലെ വാഷിങ്ടന്‍ ഡി.സിയിൽ തിരക്കേറിയ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വസ്തു ബോംബ് ആണെന്ന് ആശങ്ക ഉയര്‍ന്നതോടെ നഗരം സ്തംഭിച്ചത് രണ്ടു മണിക്കൂര്‍. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയതാകട്ടെ ഒരു ഇലക്ട്രോണിക് സെക്സ് ടോയ്‌യും. ഏതായാലും മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് ശേഷം റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടങ്ങളോ മറ്റ് നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഓഗസ്റ്റ് 12ന് രാവിലെ 7 മണിയോടെയാണ് വാഷിങ്ടനിലെ ടെൻലിടൗൺ ഫയർ സ്റ്റേഷന് സമീപമാണ് സംഭവം. ഇതുവഴി കടന്നുപോയ ഒരാൾ, ഒരു വ്യക്തി റോഡിന് സമീപത്തെ ചവറ്റുകൊട്ടയില്‍ ഒരു ഉപകരണം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇലക്ട്രിക് വയറുകളെല്ലാം പുറത്തുകാണുന്ന തരത്തിലായിരുന്നു ഉപകരണം ചവറ്റുകൊട്ടയില്‍ കിടന്നിരുന്നത്.

വിവരമറിഞ്ഞയുടൻ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ബോംബ് സ്ക്വാഡിനെയും ഡോഗ് യൂണിറ്റിനെയും സംഭവസ്ഥലത്തേക്ക് അയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ പ്രധാന പാതയായ വിസ്കോൺസിൻ അവന്യൂ രണ്ട് മണിക്കൂറോളം പൂർണ്ണമായും അടച്ചിട്ടു. റോഡുകൾ പൂർണ്ണമായി സ്തംഭിച്ചതോടെ രാവിലെ ജോലിക്ക് പോകുന്നവർ ഉൾപ്പെടെ ആളുകളും ദുരിതത്തിലായി.

എന്നാല്‍ പൊലീസ് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഉപകരണം സ്ഫോടകവസ്തുവല്ലെന്ന് തെളിഞ്ഞത്. ഒരു 'ഇലക്ട്രോണിക് സെക്സ് പോർട്ടബിൾ പമ്പ്' ആണ് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നെറ്റിസൺസും ഉപകരണം തിരിച്ചറിഞ്ഞു. നൂറുകണക്കിന് ഡോളർ വിലമതിക്കുന്ന സെക്സ് ടോയ് ആണിതെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഒടുവില്‍ ആശങ്കകളും അസ്തമിച്ചു.

മുൻപും സമാനമായ രീതിയിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്രയധികം സുരക്ഷാ സന്നാഹങ്ങൾ ഒരുക്കേണ്ടി വന്നത് നഗരവാസികൾക്കിടയിൽ കൗതുകം ജനിപ്പിച്ചു. എങ്കിലും, അതീവ ജാഗ്രത പുലർത്തേണ്ട വാഷിങ്ടന്‍ ഡി.സി. പോലുള്ള നഗരങ്ങളിൽ ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്നാണ് പൊലീസ് അധികൃതരും പറയുന്നത്.

ENGLISH SUMMARY:

Washington D.C. was brought to a standstill for two hours after a suspicious device with exposed wires sparked a major bomb scare near a fire station. Law enforcement authorities swiftly deployed bomb squads and dog units, completely sealing off the busy Wisconsin Avenue as a strict safety precaution. However, thorough security inspections revealed that the alarming object was actually an electronic portable sex toy rather than an explosive device. Normal traffic and public movement were restored shortly after the confusion was cleared, with officials praising the initial vigilance of the public.