Image Credit : AF Post

Image Credit : AF Post

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് തന്‍റെ കോളജിൽ ബോംബാക്രമണം നടത്താൻ ആവശ്യപ്പെട്ട് സന്ദേശമയച്ച വിദ്യാർഥി  അറസ്റ്റില്‍. ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ ഗബ്രിയേല സൽദാന (23) ആണ് പൊലീസിന്‍റെ പിടിയിലായത്.  215 പേരുള്ള വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സല്‍ദാനയുടെ സന്ദേശം എത്തിയത്. 

'നെതന്യാഹു നിങ്ങള്‍ക്ക് കേള്‍ക്കാമെങ്കില്‍ ഓഷ്യൻ ബാങ്ക് കോൺവൊക്കേഷൻ സെന്‍ററിലുള്ള ഞങ്ങളുടെ ക്യാപ്‌സ്റ്റോൺ വിദ്യാർഥികള്‍ക്കായി ചില 'ബോൺബോൺസ് ഇടുക' ഇതായിരുന്നു ഗബ്രിയേല സൽദാനയുടെ സന്ദേശം. ബോംബോണ്‍സ്  എന്നത് മിഠായികളെ സൂചിപ്പിക്കുന്ന വാക്കാണെങ്കിലും  ബോംബാക്രമണത്തിനുള്ള കോഡായാണ് ഇത് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

പിന്നീട് സൽദാന ക്ഷമാപണം നടത്തിയെങ്കിലും വാട്സാപ്പ്ഗ്രൂപ്പിലെ മറ്റ് വിദ്യാര്‍ഥികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. താന്‍ തമാശക്കാണ് ഈ സന്ദേശം അയച്ചതെന്നും ആരെയും ഉപദ്രവിക്കണമെന്ന് കുതിയില്ലെന്നും സല്‍ദാന കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോടതി വ്യക്തമാക്കി. നിങ്ങളിതിനെ കാണുന്നത് തമാശയായിരിക്കാം എന്നാല്‍ ഈ പ്രവൃത്തി നിയമപരമായി കുറ്റകരമാണെന്ന് ജ‍ഡ്ജി പറഞ്ഞു.

നിലവിൽ 5,000 ഡോളർ ജാമ്യത്തുകയിലാണ് സൽദാന പുറത്തിറങ്ങിയത്. വധഭീഷണി മുഴക്കൽ, ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്ന രേഖാമൂലമുള്ള ഭീഷണി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡ നിയമപ്രകാരം ഈ കുറ്റങ്ങൾക്ക് പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

ENGLISH SUMMARY:

A student has been arrested after sending a message to her college group suggesting a bomb attack targeting Israeli Prime Minister Benjamin Netanyahu. The student, Gabriela Saldana, claimed it was a joke, but authorities are taking the threat very seriously.