നെയ്യാറിൽ വീണ ചെരുപ്പെടുക്കാൻ ചാടിയ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഓലത്താന്നി പത്മ നിവാസിൽ അയ്യപ്പന്‍റെയും പത്മയുടെയും മകൻ അമിതേഷ് രാജാണ് (14) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുക്കാരെ തേടിയെത്തിയതായിരുന്നു അമിതേഷ്.
ഇതിനിടയിൽ ഇട്ടിരുന്ന ചെരുപ്പിൽ ചെളി പറ്റുകയായിരുന്നു. ചെളി കഴുക്കുന്നതിനിടയിൽ ഒരു ചെരുപ്പ് വെള്ളത്തിൽ വീണുപോയി. ഇതെടുക്കാൻ വെള്ളത്തിൽ ചാടിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച് നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു. സൃഹൃത്തുക്കളിൽ രണ്ടുപേർ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഫയർഫോഴ്സ് സ്‌കൂബാ ടീമും പൂവാർ പൊലീസും സ്ഥലത്തെത്തി 2 മണിക്കൂറോളം നീണ്ട തിരച്ചിൽ നടത്തിയാണ് കുട്ടിയുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരെ നിന്ന് കണ്ടെത്തിയത്. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.