aisf-flags-ai-image

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകരെ പിരിച്ചുവിടുന്നതിനും അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണം ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകൾ നടത്തണമെന്ന് എ.ഐ.എസ്.എഫ് (AISF) സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ വിദ്യാർത്ഥികൾ നിരന്തരമായി ജാതീയമായ വേർതിരിവിന് ഇരയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. സാമൂഹ്യനീതിക്കും സമത്വാധിഷ്ഠിത സമൂഹ സംസ്ഥാപനത്തിനുമായുള്ള നവോത്ഥാന നായകരുടെയും നവീകരണ പ്രസ്ഥാനങ്ങളുടെയും പോരാട്ടഫലമായി രൂപപ്പെട്ട കേരളത്തിൽ, നാടുവാഴിത്ത സംസ്കാരത്തിന്റെ പ്രചാരകരായി അധ്യാപകർ മാറുന്നത് അംഗീകരിക്കാനാവില്ല.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ പ്രബുദ്ധ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ജാതിവെറിയിൽ നിന്നുള്ള വിവേചനത്തിനും അപമാനത്തിനും വിദ്യാർത്ഥികൾ ഇരയാകുന്നതും, നീതിബോധമുള്ള തലമുറയെ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തമുള്ള അധ്യാപകർ തന്നെ ഇതിന് പ്രതികളാകുന്നതും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കമാണ്. ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പീഡനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Caste discrimination in educational institutions is a pressing issue that requires immediate government intervention. Teachers found to be perpetuating caste discrimination should face dismissal and legal action, as demanded by AISF, to uphold social justice and equality.