എച്ച്‌ഐവി രോഗബാധ മറച്ചുവച്ച് ലൈംഗികതൊഴിലിൽ ഏർപ്പെട്ടാൽ ഇന്ത്യയിൽ ഒരാൾക്ക് രണ്ട് വർഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇതിനെ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. വധശിക്ഷയൊന്നും ലഭിക്കില്ലെങ്കിലും വിവിധ രാജ്യങ്ങളിൽ തടവുശിക്ഷയുടെ കാലാവധി വ്യത്യാസപ്പെടാം. എന്നാൽ എച്ച്‌ഐവി രോഗബാധ മറച്ചുവച്ച് ലൈംഗികതൊഴിലിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷ ഒഴിവാക്കുന്ന നയവുമായി യുഎസ് സംസ്ഥാനമായ പെൻസിൽവാനിയ രംഗത്തെത്തിയിരിക്കുകയാണ്.
ലൈംഗികതൊഴിൽ പെൻസിൽവാനിയയിൽ നിയമവിരുദ്ധമാണ്. എന്നാൽ ലൈംഗികതൊഴിലാളികൾക്കെതിരെ കർശനമായ ശിക്ഷകൾ സാധാരണയായി ചുമത്താറില്ല. ഇത് ലഘുകുറ്റമായി (Misdemeanor) ആണ് കണക്കാക്കുന്നത്. അതിനാൽ പിഴ, സമൂഹസേവനം, അല്ലെങ്കിൽ നിശ്ചിത കാലയളവിൽ കോടതിയുടെ നിരീക്ഷണത്തിൽ കഴിയുക തുടങ്ങിയ ശിക്ഷകളാണ് സാധാരണയായി ലഭിക്കുക. എന്നാൽ ആവർത്തിച്ച് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം. എന്നിരുന്നാലും, ഇത്തരം കേസുകളിൽ ഭൂരിഭാഗവും പിഴയിൽ ഒതുങ്ങുന്നതാണ് പതിവ്.
എന്നാൽ എച്ച്‌ഐവി ബാധയുള്ള വ്യക്തി രോഗവിവരം മറച്ചുവച്ച് ലൈംഗികതൊഴിലിൽ ഏർപ്പെട്ട് പിടിക്കപ്പെട്ടാൽ, ഇതുവരെ അത് ഗുരുതരമായ ക്രിമിനൽ കുറ്റമായാണ് പെൻസിൽവാനിയയിൽ പരിഗണിച്ചിരുന്നത്. അത്തരം കേസുകളിൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുമായിരുന്നു. പുതിയ നയപ്രകാരം, ഇത്തരക്കാരെയും സാധാരണ ലൈംഗികതൊഴിൽ കേസുകളിലെ പ്രതികൾക്ക് നൽകുന്ന ലഘു ശിക്ഷകൾക്കു കീഴിൽ പരിഗണിക്കാനാണ് തീരുമാനം.
ശാസ്ത്രരംഗത്തെ പുരോഗതിയുടെയും ചികിത്സാരംഗത്തെ മുന്നേറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ മാറ്റം. കൃത്യമായ ചികിത്സയിലൂടെ വൈറൽ ലോഡ് കണ്ടെത്താനാകാത്ത (Undetectable) നിലയിലെത്തുന്ന എച്ച്‌ഐവി ബാധിതരിൽ നിന്ന് ലൈംഗികബന്ധത്തിലൂടെ രോഗം പകരില്ല (Undetectable = Untransmittable - U=U) എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ പഴയ നിയമനടപടികൾ അശാസ്ത്രീയവും അന്യായവുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷകളിൽ ഇളവ് വരുത്തുന്ന നയം പെൻസിൽവാനിയ നീതിന്യായ വകുപ്പ് സ്വീകരിച്ചത്.
എച്ച്‌ഐവി ബാധിതരെ കുറ്റവാളികളായി കാണുന്ന നിയമങ്ങൾ കാരണം പലരും പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാകാറില്ലായിരുന്നു. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ മാറ്റം ആളുകളിലെ ഭയം കുറയ്ക്കാനും എച്ച്‌ഐവി ബാധിതരോടുള്ള വിവേചനവും സാമൂഹിക കളങ്കവും ഇല്ലാതാക്കാനും പൊതുജനാരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിന് മുമ്പും സമാനമായ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ നിയമങ്ങളിലും ശിക്ഷാവിധികളിലും മാറ്റം വരുത്തിയിട്ടുണ്ട്. സിംബാബ്‌വേ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുക്രൈൻ എന്നിവ അവയിൽ ചിലതാണ്.
എച്ച്‌ഐവിക്കെതിരായ ചികിത്സാരംഗത്ത് ദിനംപ്രതി പുതിയ കണ്ടെത്തലുകൾ ഉണ്ടാകുന്നുണ്ട്. 2030ഓടെ രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുകയോ പുതിയ പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുകയോ ചെയ്യാമെന്നാണ് ചില വിദഗ്ധരുടെ പ്രതീക്ഷ. എന്നാൽ 2030-ഓടെ പൂർണമായ ചികിത്സയോ പൂർണമായ പ്രതിരോധമോ ലഭ്യമാകുമെന്നത് ഇതുവരെ ശാസ്ത്രീയമായി ഉറപ്പാക്കിയിട്ടില്ല.