sex-hunt

ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷ നേടാന്‍ അഞ്ച് ദിവസം കാട്ടിലൊളിച്ച് യുവാവ്. യുഎസ് മാധ്യമമായ ഫസ്റ്റ് അലര്‍ട്ട് ആണ് നടുക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതനുസരിച്ച് പീഡനത്തിന് ഇരയായ യുവാവ് നാളുകളായി റെയ്മണ്ട് ഇ.ഫാസ്‌നാക്റ്റ് എന്നയാളുടെ തടങ്കലിലായിരുന്നു. യുവാവിനെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഫാസ്‌നാക്റ്റില്‍ നിന്ന് രക്ഷപ്പെട്ട് അഞ്ച് ദിവസത്തോളം കാട്ടിലൊളിച്ച യുവാവിനെ കണ്ടെത്തുമ്പോള്‍ തീര്‍ത്തും അവശനായിരുന്നു. ഫാസ്നക്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവാവ് പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ: ‘ഫാസ്നക്റ്റ് ഒരു സെക്സ് ഗെയിം കളിക്കാമെന്ന് പറയുകയും എന്‍റെ ശരീരത്തില്‍ ലഹരിമരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് എന്‍റെ ശരീരത്തില്‍ അയാള്‍ കത്തി കൊണ്ട് പലതവണ വരഞ്ഞു. തൊലി മുറിഞ്ഞ് ചോരപൊടിയുകയും ചെയ്തു. തുടര്‍ന്ന് എന്നെ ഫാസ്നാക്റ്റ് അയാളുടെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോകുകയും കണ്ണ് കെട്ടിയ ശേഷം ഓടാന്‍ പറയുകയും ചെയ്തു. ഏറെ ഭയന്നെങ്കിലും ഒടുവില്‍ ഓടി. എന്നാല്‍ ഓട്ടത്തിനിടെ വെടിയൊച്ച കേട്ടു. ഫാസ്നക്റ്റ് എന്നെ തോക്കുകൊണ്ട് വേട്ടയാടുകയാണെന്ന് വ്യക്തമായി. കുറേദൂരം മുന്നോട്ടോടി. ഒടുവില്‍ കാട്ടിലൊളിക്കുകയായിരുന്നു.’

ലഹരിയുടെ മന്ദതയും മൂന്ന് ദിവസം ഉറക്കമില്ലാത്തതിനാലും ഭയവും കാരണം തീരെ അവശനിലയിലാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്. താന്‍ സെക്സ് ഗെയിമില്‍ നിന്ന് രക്ഷനേടാന്‍ കാട്ടിലേക്കോടിയതാണെന്നും തന്നെ ഒരാള്‍ വേട്ടയാടുന്നുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിന് പിന്നാലെ ഫാസ്നക്റ്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജെഫേഴ്സൺ കൗണ്ടി പ്രോസിക്യൂട്ടർമാർ റെയ്മണ്ട് ഇ.ഫാസ്‌നാറ്റിനെതിരെ ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അതിക്രമം, നിരോധിത ലഹരിവസ്തുക്കൾ കൈവശം വയ്ക്കല്‍, മറ്റ് അനുബന്ധ കുറ്റങ്ങൾ എന്നിവ ചുമത്തി കേസെടുത്തു. ഇയാളെ നിലവിൽ ജാമ്യമില്ലാതെ ജെഫേഴ്സൺ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഫാസ്‌നാറ്റിന്റെ ജാമ്യഹർജിയില്‍ ഈമാസം 12-ന് വാദംകേള്‍ക്കും.

ENGLISH SUMMARY:

In a harrowing case from Jefferson County, US, a man escaped his captor, Raymond E. Fasnacht, after being held and sexually assaulted.