vietnam-woman-gives-birth-on-motorbike

Image: X

  • ആശുപത്രിയിലേക്ക് പോകുംവഴി യാത്രാമധ്യേ ബൈക്കിന് പുറകിലിരുന്ന് കുഞ്ഞിന് ജന്മം നൽകി യുവതി. അമ്മയും കുഞ്ഞും സുരക്ഷിതര്‍

ആശുപത്രിയിലേക്ക് പോകുംവഴി യാത്രാമധ്യേ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന് യുവതി കുഞ്ഞിന് ജന്മം നൽകി. വിയറ്റ്നാമിലെ തായ് ങ്യുയെൻ പ്രവിശ്യയിലാണ് സംഭവം. 25-കാരിയായ യുവതിയാണ് ആശുപത്രിക്ക് മുന്നിൽ സ്കൂട്ടറിൽ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. എന്നാൽ ആശുപത്രിയിലെത്തിയ ശേഷം സ്കൂട്ടറിൽ നിന്ന് ഇറങ്ങും മുമ്പേ യുവതി പ്രസവിക്കുകയായിരുന്നു. സംഭവം കണ്ടതോടെ ആശുപത്രിയിലെ നഴ്സുമാരും ജീവനക്കാരും ഓടിയെത്തി കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. യുവതിയെയും കുഞ്ഞിനെയും ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റി.

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരിക്കുന്ന വീഡിയോയിൽ സ്കൂട്ടറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്ന യുവതിയെയും, പൊക്കിൾക്കൊടി മുറിക്കാത്ത നിലയിൽ നവജാതശിശുവിനെയും വ്യക്തമായി കാണാം. സ്കൂട്ടറിന്റെ സീറ്റിൽ ഗർഭപാത്രത്തിൽ നിന്നുള്ള സ്രവങ്ങളും കാണാം. പൊക്കിൾക്കൊടി മുറിക്കാതെ തന്നെ യുവതിയെയും കുഞ്ഞിനെയും ഭർത്താവിന്റെ സഹായത്തോടെ സ്ട്രച്ചറിലേക്ക് മാറ്റി. തുടർന്ന് ആശുപത്രി ജീവനക്കാർ പൊക്കിൾക്കൊടി മുറിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ആൺകുട്ടിയാണ് ജനിച്ചത്. ജനിക്കുമ്പോൾ 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്ന് വിയറ്റ്നാം മാധ്യമമായ 'വിഎൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY:

A 25-year-old pregnant woman in Vietnam's Thai Nguyen province delivered a baby boy while riding pillion on a scooter heading to the hospital. Experiencing severe abdominal pain at 32 weeks of pregnancy, she went into labor right as they arrived at the medical facility before she could dismount. Nurses and hospital staff rushed out immediately to assist with the birth and safely transferred both mother and newborn to the labor room. Reports confirm that the baby weighed 2 kilograms and both are in stable and healthy condition.