തെക്കൻ യുക്രെയ്നിലെ ഹെർസൺ നഗരത്തിൽ വഴിയോരക്കച്ചവടക്കാരനെ റഷ്യൻ ഡ്രോൺ പിന്തുടർന്ന് ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ. റഷ്യന്‍ നടപടി ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് യുക്രെയ്ന്‍ ആരോപിച്ചു. 

യുക്രെയ്ന്‍ പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, വഴിയോരക്കച്ചവടക്കാരനെ ഡ്രോണ്‍ പിന്തുടരുന്നതും രക്ഷപ്പെടാനായി വാഹനത്തിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ഫോടനമുണ്ടാകുന്നതും വ്യക്തം.  അൻപതുകാരനായ കച്ചവടക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടെന്ന് യുക്രെയ്ന്‍ പൊലീസ് അറിയിച്ചു.

 റഷ്യ സാധാരണക്കാർക്കെതിരെ 'ഡ്രോൺ സഫാരി' നടത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി പ്രതികരിച്ചു. സമാധാനത്തെക്കുറിച്ച് ചിന്തിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്നും സെലന്‍സ്കി പറഞ്ഞു. അതേസമയം, കരിങ്കടൽ തീരത്തെ ഗെലൻഡ്ഷിക്കിൽ ഡ്രോൺ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതിന് പിന്നിൽ യുക്രെയ്നാണെന്ന് റഷ്യ ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് ഇരുരാജ്യങ്ങളും ആവർത്തിക്കുമ്പോഴും, യുദ്ധത്തിൽ സാധാരണക്കാരുടെ മരണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ENGLISH SUMMARY:

Russian drone attack on a street vendor in Kherson, Ukraine, has been released by Ukraine, with allegations of war crimes. Ukrainian officials reported that the 50-year-old vendor escaped with injuries, and President Zelenskyy condemned Russia's 'drone safari' against civilians.