Image: X,@Kunal_Biswas707,AI Enhanced picture

  • ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പാക്കിസ്ഥാന്റെ വന്‍ സൈനിക നീക്കം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മിത പീരങ്കികള്‍

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വന്‍പീരങ്കി വിന്യാസം നടത്തിയതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള ഏറ്റവും വലിയ നീക്കമായാണ് പാക്കിസ്ഥാന്റെ നടപടിയെ കാണുന്നത്. ചൈനീസ് നിര്‍മിതമായ 250എസ്എച്ച്–15 ട്രക്ക് മൗണ്ടഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ഹൗവിറ്റ്സറുകളാണ് അതിര്‍ത്തിയില്‍ ഉടനീളം പാക്സൈന്യം വിന്യസിച്ചതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അതിര്‍ത്തിയില്‍ സൈനിക നീരീക്ഷണവും ആക്രമണ ശേഷിയും വര്‍ധിപ്പിക്കാനായുള്ള പാക്കിസ്ഥാന്റെ നീക്കമായാണ് ഈ നടപടിയെ കാണുന്നത്. വടക്കന്‍ മേഖല മുതല്‍ തെക്കന്‍ അതിര്‍ത്തി വരെയുള്ള ഭാഗങ്ങളിലാണ് സൈനികനീക്കം. അത്യാധുനിക 155mm പീരങ്കികളാണ് പാക്കിസ്ഥാന്‍ സൈന്യം ഘട്ടം ഘട്ടമായി സജ്ജമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ നോറിൻകോ വികസിപ്പിച്ചെടുത്ത ആയുധമാണ് എസ്എച്ച്-15. പിസിഎല്‍–181 പീരങ്കിയുെട കയറ്റുമതി പതിപ്പാണ് ഈ എസ്എച്ച്–15 എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സമീപകാലത്ത് പാക്കിസ്ഥാന്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമായാണ് ഈ പീരങ്കിവിന്യാസത്തെ കാണുന്നത്. 2025 മേയിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ'നു ശേഷമാണ് ഇത്തരത്തിലുള്ള സൈനികനീക്കത്തിന് പാക്കിസ്ഥാന്‍ തയാറെടുപ്പുകള്‍ എടുത്തതെന്നും രഹസ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എസ്എച്ച്–15 ഹൗവിറ്റ്സറിന്റെ സവിശേഷത

ഉയര്‍ന്ന വേഗതയും കൃത്യതയാര്‍ന്ന ചലനശേഷിയുമാണ് പ്രത്യേകത. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും ദുർഘടമായ പാതകളില്‍ എളുപ്പത്തിൽ സ്ഥാനം മാറാനും ഇവയ്ക്ക് കഴിയും. 155mm/52 കാലിബർ ശേഷിയുള്ള ഈ സിസ്റ്റത്തിന് സാധാരണ നാറ്റോ സ്റ്റാൻഡേർഡ് വെടിയുണ്ടകൾ ഉപയോഗിച്ച് 30 മുതൽ 40 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ തകർക്കാനാകും. 

റോക്കറ്റ് അസിസ്റ്റഡ് V-LAP വെടിയുണ്ടകൾ ഉപയോഗിക്കുമ്പോൾ ദൂരപരിധി 53 മുതൽ 72 കിലോമീറ്റർ വരെയായി ഉയരും. ഓട്ടോമേറ്റഡ് ഫയർ കൺട്രോൾ സിസ്റ്റവും ഹൈഡ്രോളിക് സ്റ്റെബിലൈസറുകളും ഉണ്ട്. ശത്രുപക്ഷത്തുനിന്ന് തിരിച്ചടി ഉണ്ടാകുന്നതിന് മുൻപ് തന്നെ ലക്ഷ്യം തകർത്ത് വേഗത്തിൽ സ്ഥാനം മാറാൻ ഈ സംവിധാനം സഹായിക്കുന്നു. അതേസമയം തന്നെ ചൈനീസ് നിര്‍മിത പീരങ്കിവിന്യാസം ശക്തമാക്കിയതിലൂടെ ചൈന–പാക് പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കിയതായാണ് വിലയിരുത്തല്‍. ആയുധകൈമാറ്റം മാത്രമല്ല സംയുക്ത സൈനിക പരിശീലനങ്ങളും വ്യാപിപ്പിച്ചതായി മനസിലാക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

ENGLISH SUMMARY:

Pakistan has executed a major military deployment along the Indian border, positioning approximately 250 Chinese-made SH-15 self-propelled howitzers. Intelligence reports indicate this is Pakistan's largest military escalation near the frontier since India’s 'Operation Sindoor' in May 2025. Manufactured by China’s state-owned NORINCO, the 155mm SH-15 artillery offers high mobility with speeds up to 90 km/h and an extended firing range of up to 72 km using V-LAP rocket-assisted shells. Analysts view this deployment as a clear signal of deepening China-Pakistan defense relations, incorporating joint military drills alongside advanced tech transfers.