രാജ്യത്തേറ്റവും വിവാദമായ യുദ്ധവിമാനമായിരുന്നു റഫാൽ. ഫ്രഞ്ച് വ്യോമസേനയിൽനിന്ന് ഇന്ത്യ 36 റഫാലുകൾ ഇതിനോടകം വാങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആദ്യം വിഭാവനം ചെയ്ത കരാർ റദ്ദാക്കി, 2015ൽ എൻഡിഎ സർക്കാർ നേരിട്ട് ഒപ്പുവെച്ച പുതിയ കരാറോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. 2018ൽ, റഫാൽ ഇടപാടിൽ അഴിമതിയോ വാണിജ്യപരമായ പക്ഷപാതമോ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകുകയും പിന്നീട് വന്ന പുനഃപരിശോധനാ ഹർജികൾ തള്ളുകയും ചെയ്തു.
പക്ഷേ റഫാലിനെക്കുറിച്ച് വീണ്ടും പുതിയ വിവാദമുയരുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും അത്യാധുനികവും ശക്തവുമായ യുദ്ധവിമാനമായ റഫാലിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ചൈനയ്ക്ക് ഫ്രഞ്ച് നാവിക പൈലറ്റ് കൈമാറിയെന്നാണ് പുതിയ വിവാദം. കസ്റ്റഡിയിലെടുത്ത പിയേർ ഹെൻറി ഷ്യുവെറ്റ് എന്ന പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണ്.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമിത ജെ-10സി (J-10C), ജെഎഫ്-17 (JF-17) വിമാനങ്ങളെ റഫാലുകളുടെ കൊലയാളികളെന്ന് പിയേർ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യൻ സേനയുടെ ഏറ്റവും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന വിമാനത്തിന്റെ കുറവുകൾ പിയേർ ചൈനയ്ക്ക് കൈമാറിയിരുന്നെന്ന് ഇതോടെ സംശയമുദിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായതായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് റഫാലുകളായിരുന്നെന്ന് വിലയിരുത്തുന്നുണ്ട്.
2018ലും 2019ലും പിയേർ ചൈനയിലേക്ക് യാത്ര ചെയ്തിരുന്നെന്നും ചൈനീസ് പൈലറ്റുകൾക്ക് വിശദമായ പരിശീലനം നൽകിയിരുന്നെന്നും ആരോപണമുണ്ട്. റഫാലിന്റെ പ്രവർത്തനരീതിയെക്കുറിച്ചും കുറവുകളെക്കുറിച്ചും പിയേർ ചൈനയ്ക്ക് ഈ സമയത്ത് വിവരങ്ങൾ ചോർത്തി നൽകിയെന്നും നിഗമനമുണ്ട്.
ഇന്ത്യ ഇനിയും 140 റഫാലുകൾ ഫ്രാൻസിൽനിന്ന് വാങ്ങാനിരിക്കെയാണ് പുതിയ വിവാദം ഉയരുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചൈനയിൽ നിന്നും പ്രതിരോധിക്കാനുള്ള പ്രധാന വിമാനത്തെക്കുറിച്ച് ചൈനയ്ക്ക് വിശദമായി വിവരങ്ങളറിഞ്ഞേക്കാം എന്നും നിഗമനമുണ്ട്.