AP Photo/Noah Berger
യൂറോപ്പിനെ ഭീതിയിലാക്കി ഫ്രാന്‍സിലും സ്പെയിനിലും കാട്ടുതീ പടരുന്നു. 2,70,000 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. ഉഷ്ണതരംഗം ശക്തമായതിനാല്‍ തീനിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും ഫലവത്താകുന്നില്ല.
ദിവസങ്ങളായി ആളിപ്പടരുന്ന കാട്ടുതീ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ നഗരത്തെ വിഴുങ്ങുമെന്ന അവസ്ഥയിലാണ്. മുന്തിരിത്തോപ്പുകൾക്ക് പേരുകേട്ട അറ്റ്ലാന്റിക് തീരത്തെ വിനോദസഞ്ചാരകേന്ദ്രമാണ് ബോർഡോ. ഈ മേഖലയില്‍ നിന്നും ഇതിനകം ആയിരങ്ങളെ ഒഴിപ്പിച്ചുകഴിഞ്ഞു. സഞ്ചാരികളോട് യാത്രമാറ്റിവയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വിഖ്യാതമായ ടൂർ ഡി ഫ്രാൻസ് സൈക്കിൾ മത്സരത്തിന്‍റെ ദൈർഘ്യവും വെട്ടിക്കുറച്ചു.
അതേസമയം, ബോർഡോയോട് ചേർന്നുള്ള ജിറോണ്ട് മേഖലയിൽ നിന്ന് ഇതുവരെ 1,67,000 പേരെയാണ് ഒഴിപ്പിച്ചത്. തീ നിയന്ത്രണവിധേയമാക്കാന്‍ സൈനിക വിമാനങ്ങളില്‍ രാസവസ്തുക്കള്‍ വര്‍ഷിച്ച് ശ്രമങ്ങള്‍ തുടരുകയാണ്. മധ്യ സ്പെയിനിൽ നിന്നും എഴുപതിനായിരത്തിലധികം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. മാഡ്രിഡിന് പടിഞ്ഞാറ് രണ്ട് സ്ഥലങ്ങളിലായി പടർന്ന തീ അണയ്ക്കാൻ 2,600 അഗ്നിശമന സേനാംഗങ്ങളെയും പൊലീസുകാരെയും സ്പെയിൻ വിന്യസിച്ചു. 19 വിമാനങ്ങളും ഹെലികോപ്റ്ററുകളും ദൗത്യത്തില്‍ പങ്കെടുക്കുന്നു.
ഇതുവരെ സ്പെയിനില്‍ 1,30,000 ഹെക്ടർ വനം കാട്ടുതീയില്‍ കത്തിനശിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്രതീക്ഷിതമായി നേരത്തെയെത്തിയ ഉഷ്ണതരംഗം യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്നതിനിടെയാണ് കാട്ടുതീയും വന്‍ഭീഷണിയായത്.