ക്രൂരമായ ഗാർഹിക പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായി ശരീരത്തിൽ ബലപ്രയോഗത്തിലൂടെ ടാറ്റൂ പതിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് പുതിയ ജീവിതം നൽകാൻ മുൻകൈയെടുത്ത് നെതർലൻഡ്‌സിലെ 'സ്‌പൈറ്റ് വാൻ ടാറ്റൂ' (Spijt van Tattoo). പീഡനങ്ങൾക്കിരയായ സ്ത്രീകൾക്ക് അവരുടെ ശരീരത്തിലെ ഭയപ്പെടുത്തുന്ന അടയാളങ്ങൾ സൗജന്യമായി ലേസർ ചികിത്സയിലൂടെ സ്‌പൈറ്റ് വാൻ ടാറ്റൂ മായ്ച്ചു നൽകും. പങ്കാളികളുടെ ക്രൂരതയ്ക്കും നിയന്ത്രണങ്ങൾക്കും ഇരയായ നൂറുകണക്കിന് സ്ത്രീകളാണ് ഇതിലൂടെ തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
53 കാരിയായ യോക്കെയുടെ അനുഭവം ഇതിൽ ഏറെ ഞെട്ടിക്കുന്നതാണ്. യോക്കെയുടെ ശരീരത്തിലുടനീളം മുൻ പങ്കാളി 250ഓളം ടാറ്റൂകളാണ് ബലമായി പതിപ്പിച്ചത്. യോക്കെയുടെ മുഖത്തും കണ്‍പോളകളിലും നെറ്റിയിലും മൂക്കിലുമെല്ലാം ഇയാൾ സ്വന്തം പേര് പതിനേഴിലധികം തവണ കോറിയിട്ടു. യോക്കെയുടെ ശരീരത്തിൽ മറ്റു പുരുഷന്മാർ തൊട്ടിട്ടുണ്ടാകാമെന്ന് സംശയിച്ച ഭാഗങ്ങളിലെല്ലാം അയാള്‍ സ്വന്തം പേര് ടാറ്റൂ ചെയ്തു. വർഷങ്ങളോളം മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട യോക്കെ പങ്കാളിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മുഖത്തെ ടാറ്റൂകൾ കാരണം പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചതായി ഇവർ പറയുന്നു. എന്നാൽ സ്‌പൈറ്റ് വാൻ ടാറ്റൂ എന്ന സംഘടനയെക്കുറിച്ചറിഞ്ഞത് യോക്കെയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 12 ലേസർ സെഷനുകളിലൂടെ യോക്കെയുടെ മുഖത്തെ ഭൂരിഭാഗം ടാറ്റൂകളും നീക്കം ചെയ്യാൻ സാധിച്ചു.
ഭാര്യ–ഭര്‍ത്താക്കന്‍മാരായ ആന്‍ഡിയും ഹാനും ചേര്‍ന്നാണ് സ്‌പൈറ്റ് വാൻ ടാറ്റൂ ആരംഭിക്കുന്നത്. മുപ്പത് വര്‍ഷത്തിലധികമായി ടാറ്റൂ റിമൂവല്‍ മേഖലയില്‍ സജീവമാണ് ഇരുവരും. പീഡനത്തിന്റെ കഴിഞ്ഞകാല ഓര്‍മകളില്‍ നിന്നുള്ള മോചനവും തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കലുമാണ് ഈ ലേസർ ചികിത്സയുടെ ഉദ്ദേശമെന്ന് ആന്റിയും ഹാനും പറയുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ സംഘടന.