• കടുത്ത ഗാര്‍ഹികപീഡനത്തിന്‍റെ ഇരകള്‍. കണ്‍പോള മുതല്‍ കാല്‍പാദം വരെ അടിച്ചേല്‍പ്പിച്ച ടാറ്റൂകള്‍. അപമാനഭാരം പേറി ജീവിക്കേണ്ട സാഹചര്യത്തില്‍ നിന്ന് ഒടുവില്‍ മോചനം. സൗജന്യ ടാറ്റൂ റിമൂവല്‍ സേവനം നല്‍കി നെതര്‍ലന്‍ഡ്സിലെ ദമ്പതികള്‍

അഞ്ചടിയോളം മാത്രം ഉയരമുള്ള യോക്കെ (53) എന്ന സ്ത്രീയുടെ മുഖത്തേക്ക് നോക്കിയാൽ ആദ്യം തോന്നുന്നത് ഭയവും അറപ്പുമായിരുന്നു. കാരണം, അവളുടെ മുഖത്തും ശരീരത്തില്‍ പുറത്തുകാണാവുന്ന ഓരോ ഇഞ്ചിലും കറുത്തിരുണ്ട ടാറ്റൂകളായിരുന്നു. ‘ജീവിതപങ്കാളി’ വർഷങ്ങളോളം അവളെ പൂട്ടിയിട്ട്, ക്രൂരമായി പീഡിപ്പിച്ച് മുഖത്തും ശരീരത്തിലും ബലമായി അടിച്ചുവച്ച ടാറ്റൂകളായിരുന്നു. ‘ഇവൾ എന്‍റെ സ്വത്താണ്’ എന്ന് ലോകത്തോടു വിളിച്ചുപറയാൻ അവന്‍ അവന്‍റെ പേര് അവളുടെ നെറ്റിയിലും കവിളിലും മൂക്കിലും കണ്‍പോളകളിൽപ്പോലും ഡസൻ കണക്കിന് തവണ ടാറ്റൂ മെഷീൻ ഉപയോഗിച്ച് കോറിയിട്ടു!

എന്നാൽ ഇന്ന്, ആ ക്രൂരതയുടെ പാടുകൾ മായ്ച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് യോക്കെ. നെതർലൻഡ്സിലെ റോട്ടർഡാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സ്പൈറ്റ് വാൻ ടാറ്റൂ’ (Spijt van Tattoo) എന്ന സംഘടനയാണ് യോക്കെയെപ്പോലെ ഗാർഹിക പീഡനങ്ങൾക്കിരയായി ശരീരത്തിൽ ബലമായി ടാറ്റൂ അടിച്ചേല്‍പ്പിക്കപ്പെട്ട ഒട്ടേറെ സ്ത്രീകൾക്ക് പുതിയ പ്രതീക്ഷ നൽകുന്നത്.

‘മുഖം നിറയെ അവന്റെ പേര്, പുറത്തിറങ്ങാൻ പേടിയായിരുന്നു...’

ഷെഡുകളിലും കാരവാനുകളിലും പൂട്ടിയിട്ട് വർഷങ്ങളോളം ക്രൂരമായി പീഡിപ്പിക്കപ്പെട്ട അനുഭവം ഓർക്കുമ്പോൾ യോക്കെയുടെ ശബ്ദം ഇപ്പോഴും ഇടറും. ‘പുറത്തിറങ്ങിയാൽ എല്ലാവരും എന്നെ ഒരു വിചിത്രജീവിയെപ്പോലെ നോക്കും. ‘ഭ്രാന്തി, മണ്ടി’ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കും. സ്വയം വെറുത്തുപോയ നിമിഷങ്ങളായിരുന്നു അത്. ഒന്നരവർഷത്തോളം ആത്മഹത്യയെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചത്.’ 

ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന 'വൈലിഗ് തൗസ്' (Veilig Thuis) എന്ന സംഘടന വഴിയാണ് യോക്കെ 'സ്പൈറ്റ് വാൻ ടാറ്റൂ'വിൽ എത്തുന്നത്. രണ്ടര വർഷം നീണ്ട വേദന നിറഞ്ഞ പ്രക്രിയ ആയിരുന്നു അത്. 12 തവണയാണ് യോക്കെ ലേസർ ചികിത്സയ്ക്ക് വിധേയയായത്. പ്ലാസ്റ്റിക് സർജന്റെ സഹായത്തോടെ ഓരോ ഭാഗവും മരവിപ്പിച്ച ശേഷമായിരുന്നു ലേസർ ചികിത്സ.

ഇന്ന് മേക്കപ്പിന്‍റെ സഹായത്തോടെ അവളുടെ മുഖത്തെ ആ കറുത്ത പാടുകൾ പൂർണ്ണമായും മറയ്ക്കാൻ കഴിയുന്നുണ്ട്. ‘വേദന കൊണ്ട് ഞാൻ നിലവിളിച്ചിട്ടുണ്ട്. പക്ഷേ, ആ ക്രൂരന്‍റെ പേര് എന്‍റെ മുഖത്തുനിന്ന് മാഞ്ഞപ്പോൾ ലഭിച്ച സ്വാതന്ത്ര്യം... അത് വാക്കുകൾക്ക് അതീതമാണ്. ഇപ്പോള്‍ എനിക്ക് എന്തുകാര്യത്തിലും ഏതുസാഹചര്യത്തിലും സന്തോഷിക്കാന്‍ കഴിയുന്നുണ്ട്.’ യോക്കെ പറയുന്നു.

‘എന്റെ ശരീരത്തിന് അവന്റെ മണം വന്നിരുന്നു, കുളിക്കാൻ പോലും അറപ്പായിരുന്നു’

മറ്റൊരു ഇരയായ ബോണി (പേര് യഥാർത്ഥമല്ല) നേരിട്ടത് സമാനതകളില്ലാത്ത അപമാനമായിരുന്നു. 17-ാം വയസ്സിൽ പ്രണയത്തിലായ ആൾ, അഞ്ചു വർഷത്തിനു ശേഷം ഒരു ജന്മദിനത്തിൽ ബോണിയെ ബലമായി ടാറ്റൂ പാർലറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവളുടെ സ്വകാര്യഭാഗത്തിന് തൊട്ടുമുകളിൽ ‘ഇവൾ എന്റെ സ്വത്ത്’ എന്ന് അവന്റെ പേരിനൊപ്പം എഴുതിവെച്ചു.

തനിക്ക് സമ്മതമല്ലെന്ന് ടാറ്റൂ ചെയ്യുന്നയാളോട് ആംഗ്യത്തിലൂടെ പറയാൻ ബോണി ശ്രമിച്ചെങ്കിലും ഭയന്നുപോയി. വീട്ടിലെത്തിയപ്പോൾ അവന്റെ കൂട്ടുകാരുടെ മുന്നിൽ ഈ ടാറ്റൂ കാണിക്കാൻ ബോണി നിർബന്ധിതയായി. ‘അവന്‍റെ കണ്ണുകളിൽ അഹങ്കാരമായിരുന്നു. ഞാൻ അവന്‍റെ സ്വത്താണത്രേ! അതിനുശേഷം വർഷങ്ങളോളം സ്വന്തം ശരീരം നോക്കാൻ പോലും എനിക്ക് അറപ്പായിരുന്നു. കുളിക്കാൻ പോലും തോന്നില്ലായിരുന്നു.’ – ബോണി പറഞ്ഞു.

വർഷങ്ങൾ നീണ്ട പീഡനങ്ങൾക്കൊടുവിൽ, സ്വന്തം മകനെയും അവൻ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് ബോണി ആ നരകത്തിൽ നിന്ന് ഓടിപ്പോയത്. ‘അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്ക് മാത്രമേ അവിടെ നിന്ന് രക്ഷപെടാന്‍ എത്ര പ്രയാസമാണെന്ന് മനസിലാക്കാന്‍ കഴിയൂ...’ – ബോണി  പറഞ്ഞു. ലേസർ ചികിത്സയിലൂടെ ആ അടയാളങ്ങള്‍ മായ്ച്ചതോടെയാണ് തനിക്ക് സ്വന്തം ജീവിതം തിരികെ ലഭിച്ചതെന്ന് അവര്‍ പറയുന്നു.

100,000 യൂറോയുടെ ചികിത്സ, സൗജന്യം

30 വർഷമായി ടാറ്റൂ റിമൂവൽ രംഗത്തുള്ള ആൻഡി ഹാൻ, ഡെക്സ് ഹാൻ ദമ്പതികളാണ് ‘സ്പൈറ്റ് വാൻ ടാറ്റൂ’വിന് പിന്നിൽ. 2018 മുതൽ ആഴ്ചയിലൊരു ദിവസം ഇത്തരത്തിൽ പീഡനങ്ങൾക്കിരയായവർക്ക് സൗജന്യമായി ടാറ്റൂ മായ്ച്ചു നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ടാറ്റൂ ചെയ്യാനെടുക്കുന്ന ചെലവിന്റെ പത്തിരട്ടിയാണ് അത് ലേസർ വഴി മായ്ച്ചു കളയാൻ വേണ്ടിവരിക.

യോക്കെയുടെ മുഖത്തെ ടാറ്റൂകൾ പൂർണ്ണമായി മാറ്റാൻ ഏകദേശം 100,000 യൂറോ (ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവുവരും. ‘ഞാൻ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ യോക്കെയുടെ മുഖം കണ്ടപ്പോൾ ഞാൻ തകർന്നുപോയി. എവിടെനിന്ന് തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഇവളെ സഹായിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,’ – ആൻഡി ഹാൻ ഓർക്കുന്നു.

ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകളെ സഹായിക്കാന്‍ റോട്ടര്‍ഡാമില്‍ നിന്ന് ഹേഗിലേക്കും ആംസ്റ്റര്‍ഡാമിലേക്കുമെല്ലാം ഹാന്‍ ദമ്പതികള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വൈകാതെ കേപ് ടൗണിലും ഒരു കേന്ദ്രം തുടങ്ങും. ഗാര്‍ഹികപീഡനത്തിന്‍റെ ഇരകള്‍ക്ക് മാത്രമല്ല, മുന്‍ ഗൂണ്ടാസംഘാംഗങ്ങള്‍ക്കും ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ട്. ചെറുപട്ടണങ്ങളിലടക്കം ഗൂണ്ടാസംഘങ്ങള്‍ അവരുടെ അംഗങ്ങളുടെ മുഖത്തും കൈകളിലുമെല്ലാം പ്രത്യേക ചിഹ്നങ്ങളും വാക്കുകളും ടാറ്റൂ ചെയ്യാറുണ്ട്. ഈ സംഘങ്ങളില്‍ നിന്ന് രക്ഷപെടുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഈ ടാറ്റൂ ഒരു ബാധ്യതയാകും. അത് പരിഗണിച്ചാണ് അവര്‍ക്കും സഹായം ചെയ്യുന്നത്.

‘തോറ്റുകൊടുക്കരുത്, സ്ത്രീകൾ കരുത്തരാണ്!’

ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന എല്ലാ സ്ത്രീകളോടും യോക്കെയ്ക്കും ബോണിക്കും ഒന്നേ പറയാനുള്ളൂ. ‘ഭയപ്പെടരുത്. ഇത്രയും കാലം ആ പീഡനങ്ങൾ സഹിച്ചുവെങ്കിൽ, അതിൽ നിന്ന് ഇറങ്ങിപ്പോരാനുള്ള ശക്തിയും നിങ്ങൾക്കുണ്ട്. അവൻ നിങ്ങളെക്കാൾ ബലഹീനനാണ്. നിങ്ങളെ സഹായിക്കാൻ ആളുകളുണ്ട്. നിങ്ങളുടെ ജീവിതം ഒന്നേയുള്ളൂ, അത് നിങ്ങൾക്കായി ജീവിക്കുക.’

ശരീരത്തിലെ പാടുകൾ മാത്രമല്ല, മനസ്സിലെ മുറിവുകളും മായ്ച്ചുകളഞ്ഞ് ജീവിതത്തില്‍ പുതിയൊരു പുലരിയിലേക്ക് നടന്നു കയറുകയാണ് ഈ അതിജീവിതർ. ഒരു യോക്കെയോ ബോണിയോ മാത്രമല്ല, കോടിക്കണക്കിന് സ്ത്രീകളാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഇത്തരത്തിലുള്ള പൈശാചിക പീഡനങ്ങള്‍ക്കിരയായി ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ നരകയാതന അനുഭവിക്കുന്നത്. അവര്‍ക്കും ഈ തിരിച്ചുവരവിന്‍റെ കഥകള്‍ പ്രചോദനമാകണം.

Forced Tattoo Removal: How Dutch Domestic Abuse Survivors Are Reclaiming Their Lives:

This article highlights the terrifying reality of domestic abuse victims in the Netherlands who were forcibly tattooed by their abusive partners as a form of ownership and control. It focuses on survivors like 53-year-old Joke and 42-year-old Bonnie, who endured years of physical trauma and social stigma due to forced ink on their faces and bodies. Through the Rotterdam-based non-profit foundation Spijt van Tattoo ("Tattoo Regret"), run by Andy and Dex Han, these women receive free, complex laser removal treatments to erase the physical remnants of their abuse. Ultimately, the story captures their journey of psychological healing, reclaiming bodily autonomy, and delivering a powerful message of resilience to domestic violence survivors worldwide.