ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ഹോര്‍മുസ്ഗാന്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇറാന്‍ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബന്ദര്‍ അബ്ബാസില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്കുനേരെ ആയിരുന്നു ആക്രമണം. ഏഴുപേര്‍ക്ക് പരുക്കേറ്റു, വൈദ്യുതിവിതരണം തടസപ്പെട്ടെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ഹോര്‍മുസ്ഗാന്‍ മേഖലയിലെ രണ്ട് പാലങ്ങൾ എന്നിവിടങ്ങളിലെല്ലാം ആക്രമണമുണ്ടായെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കുകിഴക്കൻ ഇറാനിലെ ഇറാന്‍ഷഹ്റിലെ വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. വിമാനത്താവളത്തിന് ചുറ്റും മൂന്ന് വലിയ സ്ഫോടനങ്ങൾ കേട്ടതായും അമേരിക്കൻ പ്രൊജക്‌ടൈലുകൾ വിമാനത്താവളത്തിൽ പതിച്ചതായും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഐആർഐബി ടെലഗ്രാം വഴി അറിയിച്ചു. അഹ്‍വാസ്, ബുഷ്ഹര്‍ മേഖലകളിലും സ്ഫോടനങ്ങളുണ്ടായി.
തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് ഇറാനെ ആക്രമിക്കുന്നത്. അതേസമയം, കുവൈത്ത് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.