Image: Iran Press/X
ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ അഹ്വാസ് നഗരത്തിലെ 'ഷഹീദ് ബഗേയ്' ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതായി ഇറാന്‍. കുട്ടികളുടെ ക്യാൻസർ ചികിത്സാ വിഭാഗത്തിനാണ് യുഎസ് ബോംബാക്രമണത്തിൽ തകരാർ സംഭവിച്ചതെന്ന് ഇറാന്‍ പറഞ്ഞു. തല്‍ഫലമായി കുട്ടികൾ ഉൾപ്പെടെ, കാൻസർ രോഗികൾക്ക് ചികില്‍സ നൽകുന്ന ആശുപത്രിയിൽ നിന്ന് രോഗികളെ അടിയന്തിരമായി ഒഴിപ്പിക്കേണ്ടി വന്നതായും ഇറാന്‍ അറിയിച്ചു.
അതേസമയം, ടെഹ്‌റാനിൽ യുഎസ് ശത്രുവിമാനങ്ങളെ പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയതായി ഇറാന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖേഷ്വം ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്, ചാബഹാർ, കൊനാരക്, റാസ്ക് സിറ്റി, ഖൊന്ദാബ്, ഖൊരമാബാദ്, ബന്ദർ ഇമാം ഖൊമേനി തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യു.എസ് ബോംബാക്രമണം ഉണ്ടായിട്ടുണ്ട്.
ആക്രമണങ്ങളിൽ ഇറാന്റെ സൈനിക ബാരക്കുകൾ തകരുകയും കുറഞ്ഞത് ഏഴ് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇതുവരെയുള്ള യു.എസ് ആക്രമണങ്ങളിൽ രാജ്യത്താകെ 35 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വൃത്തങ്ങൾ അറിയിച്ചു. ആൻഡിമേഷ്ക് നഗരത്തിന് മുകളിൽ വച്ച് അമേരിക്കയുടെ അത്യാധുനിക 'എംക്യു-9' ഡ്രോൺ തങ്ങളുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.
അതേസമയം, പ്രത്യാക്രമണത്തിന്‍റെ ഭാഗമായി ബഹ്‌റൈനിലെ യു.എസിന്റെ നാവികസേനയെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍റെ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു. ഇറാഖിലെ ഇർബിലിൽ യു.എസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഇറാന്‍റെ എട്ട് ഡ്രോണുകളും വെടിവച്ചിട്ടു.