പശ്ചിമേഷ്യന്‍ സംഘര്‍ഷവും വെടിനിര്‍ത്തലും തുടരുമ്പോള്‍ ഇറാന്‍ അധികാരികള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ഒരബദ്ധം പറ്റിയെന്ന് അറിയിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വാണിജ്യ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത് അബദ്ധത്തിലാണെന്നാണ് ഇറാന്‍ ട്രംപിനെ അറിയിച്ചിരിക്കുന്നത്. യുഎസ് അധികൃതരുടെ പ്രസ്താവന സിബിഎസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കിടെ വാണിജ്യ കപ്പലുകള്‍ക്കെതിരെ ഇറാന്‍ വെടിയുതിര്‍ത്തത് കനത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. 

ഇതിനിടെ ഇറാന്‍റെ പുതിയ നേതാവ് മൊജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സഹായിയടക്കം 14 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു നടപടി. ധാരണാപത്രം ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം അബദ്ധത്തിലായിരുന്നെന്ന് ഇറാന്‍ വ്യക്തമാക്കിയത്. 

ഇറാന്‍റെ അഭ്യർഥനപ്രകാരം ചർച്ചകൾ തുടരാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ടെന്ന്  ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രം യുഎസ് ലംഘിച്ചാൽ സർവ സന്നാഹങ്ങളോടെയുള്ള പ്രതിരോധത്തിന് തയ്യാറാണെന്ന് ഇറാനും വ്യക്തമാക്കി. ടെഹ്‌റാന്‍റെ കീഴടങ്ങലിൽ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്‍റെ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഖർ ഖാലിബാഫ് ടെലിഗ്രാമിൽ കുറിച്ചു.

ENGLISH SUMMARY:

Accidental shooting claims by Iran regarding commercial ships amid ongoing Middle East conflict and ceasefire talks are being reported, with Iran informing US President Donald Trump that the incident was a mistake. This development comes as the US has imposed sanctions on several individuals and entities linked to Iran's new leader.