പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ആയത്തുല്ല അലി ഖമനയിയെ വധിച്ചവരോട് പകരം ചോദിക്കുമെന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തങ്ങൾ ശപഥം ചെയ്തുവെന്ന് മൊജ്തബ ഖമനയി വെളിപ്പെടുത്തി.
തന്റെ സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിലാണ്, ഖമനയിയുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട 'രക്തസാക്ഷികളുടെയും' രക്തത്തിന് പകരം ചെയ്യുമെന്ന് മൊജ്തബ പറഞ്ഞത്. ഇറാന്റെ പ്രതികാരം അനിവാര്യമായും നടപ്പിലാക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം തന്റെ വ്യക്തിപരമായ നിലനിൽപ്പിനെയോ മറ്റ് ഉദ്യോഗസ്ഥരുടെ നിലനിൽപ്പിനെയോ ആശ്രയിച്ചിരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു."നമ്മൾ സന്നിഹിതരാണെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കും," മൊജ്തബ കുറിച്ചു.
ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ ഓഫീസിന് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം നടന്ന ആയത്തുല്ല ഖമനയിയുടെ ശവസംസ്കാര ചടങ്ങുകളുടെ വേളയിലാണ് പ്രസ്താവന പുറത്തിറക്കിയത്. ഇറാനിലും ഇറാഖിലുടനീളമുള്ള ജനങ്ങളുടെ ജനപങ്കാളിത്തത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
അതേസമയം ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ വധിക്കാനായി ഇറാൻ ശ്രമിച്ചാൽ ആ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആക്രമണം നടത്താൻ നിർദേശം നൽകിയതായി ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങളായി ഇറാൻ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണ്. എന്നാൽ പുതിയ രഹസ്യവിവരങ്ങളൊന്നും അതിനെ പറ്റി ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ‘‘വളരെക്കാലമായി ഞാൻ അവരുടെ ലിസിറ്റിലുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഇറാനെതിരെ ബോംബ് ആക്രമണം നടത്താൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. അത് അവർ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണമായിരിക്കും’’– ട്രംപ് പറഞ്ഞു.