Image Credit : Twitter
ടിബറ്റിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിന് മുന്നില്‍ ടിബറ്റന്‍ സ്വദേശി ആത്മഹത്യ ചെയ്തു. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്ത ശേഷമാണ് ആക്ടിവിസ്റ്റായ ലോബ്ഗ രംഗ്സെൻ തീ കൊളുത്തി മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ലോബ്ഗ ടിബറ്റന്‍ പതാകയേന്തിയാണ് സ്ഥലത്തെത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വലിയൊരു ടിബറ്റന്‍ പതാകയും കയ്യിലേന്തി കറുത്ത വസ്ത്രം ധരിച്ചൊരാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുളളത്. ഒന്നാം അവന്യൂവിലെ യുഎൻ സമുച്ചയത്തിന് എതിർവശത്ത് ചെന്നുനിന്ന ഇയാള്‍ കയ്യില്‍ കരുതി പേപ്പറിന് തീകൊളുത്തിയ ശേഷം ശരീരത്തിലേക്ക് തീപടര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ ആളിക്കത്തിയതോടെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഫയര്‍ എസ്റ്റിങ്ക്യൂഷറിന്‍റെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഈ വ്യക്തി ടിബറ്റൻ സമാധാനപ്രവർത്തകനായ ലോബ്ഗ രംഗ്‌സെൻ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഗുരുതരമായി പൊളളലേറ്റ ലോബ്ഗ രംഗ്സെന്നിലെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെ. സംഭവം നടക്കുന്നതിന് മുന്‍പ് ലോബ്ഗയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും ഇപ്പോള്‍ സൈബറിടത്ത് ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ടിബറ്റൻ സ്വത്വവും സംസ്‌കാരവും ഭാഷയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ചൈനീസ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വിഡിയോയില്‍ ലോബ്ഗ കുറ്റപ്പെടുത്തുന്നുണ്ട്. ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തിനായി തദ്ദേശീയര്‍ ഒന്നിക്കണമെന്നും ലോബു വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം എന്തുകൊണ്ടാണ് ഈ വ്യക്തി സ്വയം തീക്കൊളുത്തിയതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.