ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ സംസ്കാര ചടങ്ങില്‍ മകന്‍ മുജ്തബ ഖമനയി പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഇറാന്‍ പരമോന്നത നേതാവിന്‍റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുല്ല ഹക്കിം ഇലാഹി പറഞ്ഞു. ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെ ഇസ്രായേലുമായുള്ള സംഘർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
താന്‍ കഴിഞ്ഞാഴ്ച ഇറാനിലുണ്ടായിരുന്നുവെന്നും മുജ്തബയെ കണ്ട സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുജ്തബയ്ക്ക് പുറത്തേക്ക് ഇറങ്ങാനും ആളുകളോട് സംസാരിക്കാനും ആഗ്രഹമുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ അദ്ദേഹത്തെ പുറത്തേക്ക് ഇറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് ഇലാഹിയുടെ പ്രതികരണം.
ഖമനയിയുടെ മരണത്തെത്തുടർന്ന് രാജ്യം വിലാപത്തിലാണെന്നും നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആറിനാണ് സംസ്കാര ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാന്‍ ഇന്ത്യയിലെ വിവിധ നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ക്ഷണം ലഭിച്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കും ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുക്കുമോ എന്നതില്‍ വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞയാഴ്ച ഇറാനിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മോദിക്ക് പകരം വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് സയ്യിദ് അത്താ ഹസ്നൈനു എന്നിവർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.