ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ജൂലൈ നാലിന് ടെഹ്റാനിൽ തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ നഗരമായ മഷാദിലായിരിക്കും ഖമനയിയുടെ ഖബറടക്കം. ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായായിരിക്കും ഖമനയിയെയും അടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇറാന്‍ യുഎസ് സമാധാനകരാര്‍ ഉടനെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് സംസ്കാരച്ചടങ്ങും പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയിക്കും പരുക്കേറ്റിരുന്നു. ഇറാന്‍റെ പരമോന്നത നേതാവായി മുജ്തബ അധികാരമേറ്റെങ്കിലും പൊതുപരിപാടികളിലെങ്ങും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖമനയിയുടെ മകള്‍, മകളുടെ ഭര്‍ത്താവ്, ഖമനയിയുടെ കൊച്ചുമകന്‍, ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈനിക മേധാവികള്‍ എന്നിങ്ങനെ നിരവധി പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ ഖമനയിയുടെ മരണവാര്‍ത്ത ലോകമറിഞ്ഞെങ്കിലും ഇറാന്‍ വൈകിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ഇറാന്‍ യുഎസ് സമാധാനകരാര്‍ ഉടനെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ സംസ്കാരച്ചടങ്ങുകളുടെ കാര്യത്തിലും തീരുമാനം അറിയിച്ചിരിക്കുകയാണ് ഇറാന്‍. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടെഹ്റാനിലും ഖോമിലും മഷാദിലുമായി നടക്കുന്ന ചടങ്ങുകള്‍ക്ക് പിന്നാലെ ജൂലൈ 9 ന് ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമനയിയെ ഖബറടക്കും. വലിയ ജനപങ്കാളിത്തമാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്.