തായ്‌ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 40കാരനായ ഓസ്‌ട്രേലിയൻ പൗരന്‍ അറസ്റ്റില്‍. ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ നിന്നാണ് പ്രതിയായ സൈമൺ പീറ്റർ കർമാൻ അറസ്റ്റിലായത്. ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ തായ് പൊലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട 17കാരിയെ വെള്ളിയാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവില്‍ പട്ടായയിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്യൂട്ട്‌കേസിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തായ്‌ലൻഡിലെ നിയമപ്രകാരം കൊലപാതകത്തിന് വധശിക്ഷ വരെ ലഭിക്കാം.

അതേസമയം, പട്ടായയിലെ ഒരു ഹോട്ടലിലേക്ക് ഇരുവരും ഒരുമിച്ച് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് വലിയൊരു സ്യൂട്ട്‌കേസുമായി പ്രതി തനിച്ചാണ് പുറത്തിറങ്ങിയത്. ഈ സ്യൂട്ട്‌കേസ് ബൈക്കില്‍ കൊണ്ടുപോയി ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബലാത്സംഗശ്രമത്തിനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെങ്കിലും, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ കൊലപാതക കുറ്റം കൂടി ചുമത്തുകയായിരുന്നു.

അതേസമയം, പെൺകുട്ടി തന്നോട് അക്രമാസക്തമായി പെരുമാറിയെന്നും, കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞത്. ഇതോടെ തനിക്ക് സ്വയം നിയന്ത്രിക്കാന്‍ ആയില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും, വധശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A forty-year-old Australian national, identified as Simon Peter Karman, was apprehended by Thai authorities at Bangkok’s Suvarnabhumi Airport while attempting to flee to Perth. The arrest follows the horrific discovery of a seventeen-year-old girl's body, which had been concealed inside a suitcase and discarded near railway tracks in the popular tourist destination of Pattaya. Surveillance footage from a local hotel provided critical evidence to investigators, clearly showing the victim entering the premises with the suspect before Karman was seen leaving alone while carrying the large, heavy suitcase. Facing grave charges including murder, concealment of a corpse, and sexual assault of a minor, the accused could potentially face the death penalty under strict Thai laws. During initial questioning, the suspect claimed he acted in self-defense after the victim allegedly threatened him with a knife, though he also expressed remorse to the grieving family. The victim's family has vehemently rejected his justifications and is demanding the maximum possible legal punishment, including capital punishment, as the police continue their intensive investigation into the brutal tragedy.