Image: X
മെക്സിക്കോയില്‍ രാത്രികളില്‍ മോഷ്ടാക്കളെ വേട്ടയാടുന്ന അജ്ഞാതൻ 'മെക്സിക്കൻ ബാറ്റ്മാൻ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറല്‍. ജാലിസ്കോ സംസ്ഥാനത്തെ ലാഗോസ് ഡി മോറെനോ നഗരത്തിലാണ് ഈ ‘ബാറ്റ്മാന്‍റെ വിളയാട്ടം’. സിനിമകളിലെ സൂപ്പർ ഹീറോകളെപ്പോലെ തെറ്റു ചെയ്യുന്നവരെ നിയമത്തിന്‍റെ മുന്നിലെത്തിക്കാന്‍ സ്വയം രംഗത്തിറങ്ങിയിരിക്കുകയാണ് ഇയാള്‍. 'ലാഗോസ് ഡി മോറെനോയുടെ ബാറ്റ്മാൻ' എന്നാണ് നഗരവാസികള്‍ ഈ അജ്ഞാതനെ വിശേഷിപ്പിക്കുന്നത്. നഗരത്തിലെ ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്നവരാണ് ‘ബാറ്റ്മാന്‍റെ’ പ്രധാന ഇരകൾ.
ജൂൺ 13 മുതലാണ് നഗരത്തില്‍ ഈ അജ്ഞാതന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ലാഗോസ് ഡി മോറെനോയിലെ ഇരുചക്രവാഹന മോഷ്ടാക്കളെ പിടികൂടി ഇലക്ട്രിക് പോസ്റ്റുകളിലോ മറ്റോ പരസ്യമായി ഡക്ട് ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുന്നതാണ് ഈ അജ്ഞാതന്‍റെ രീതി. ഇവർ മോഷ്ടിച്ചുവെന്ന് കരുതപ്പെടുന്ന വാഹനങ്ങള്‍ സമീപത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നു. പിടിക്കപ്പെടുന്നവരുടെ മുഖത്ത് മാർക്കർ ഉപയോഗിച്ച് പൂച്ചമീശ വരയ്ക്കുകയോ 'Ratero' (സ്പാനിഷ് ഭാഷയിൽ കള്ളൻ എന്ന് അർത്ഥം) എന്ന് എഴുതുകയോ ചെയ്യാറുണ്ട്. സംഭവത്തിന്‍റേതെന്ന് കരുതുന്ന ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളില്‍ മോഷ്ടാക്കളെ കെട്ടിയിട്ടിരിക്കുന്നത് കാണാം. ചില ഇവരുടെ വായയും ടേപ്പ് ഒട്ടിച്ച നിലയിലാണ്.
നിലവിൽ 10 ദിവസത്തിനുള്ളിൽ ഇത്തരത്തിലെ അഞ്ച് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാറ്റ്മാന്‍റെ ഈ പ്രവൃത്തി പൊലീസ് നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. അജ്ഞാതന്‍ കെട്ടിയിടുന്നവരെ ഇരകളായിട്ടും. ഇവർ കുറ്റവാളികളാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും വ്യക്തികൾക്ക് നിയമം കയ്യിലെടുക്കാൻ അവകാശമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ജാലിസ്കോ സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഈ 'ബാറ്റ്മാൻ' ഒരാളാണോ അതോ ഒരു സംഘമാണോ എന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധമുള്ള രണ്ട് വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയെത്തുടർന്ന് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നതിന്‍റെ പ്രതിഫലനമാണ് ഇതെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് അപകടകരമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നുണ്ട്.