ai generated image
അസുഖം മൂർച്ഛിച്ച് സാന്ത്വന പരിചരണത്തിൽ (പാലിയേറ്റീവ് കെയർ) കഴിയുന്ന രോഗികൾക്ക് സ്വന്തം വളർത്തുമൃഗങ്ങളെ സന്ദർശിക്കാൻ നിയമപരമായ അവകാശം നൽകാനുള്ള നീക്കവുമായി പോളണ്ട്. ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. പിത്താശയ കാൻസർ ബാധിച്ച 70-കാരിയായ എവാ ലുട്ക-ക്രാവ്‌ചിക് എന്ന രോഗിയുടെ അനുഭവമാണ് ഈ നിയമനിർദേശത്തിന് പ്രചോദനമായത്.
എവായ്ക്ക് അസുഖം ബാധിച്ചതോടെ ഏറ്റവും പ്രിയപ്പെട്ട വളർത്തുനായയായ ഗാജയെ കുറിച്ച് ഓർത്തായിരുന്നു സങ്കടം മുഴുവൻ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ എവായെ കാണാതെ ഗാജ ഭക്ഷണം പോലും കഴിക്കാത്ത അവസ്ഥയായി. ഇതോടെയാണ് ഇത്തരം അവസ്ഥയിൽ ഉള്ള രോഗികൾക്ക് മാനസികമായ ആശ്വാസം നൽകാൻ വളർത്തു മൃഗങ്ങളെ കാണാനുള്ള അവസരം ഒരുക്കേണ്ടതാണ് എന്ന തിരിച്ചറിവ് വരുന്നത്.
വാർസോ മെഡിക്കൽ സർവകലാശാലയിലെ പാലിയേറ്റീവ് മെഡിസിൻ ക്ലിനിക് ഡയറക്ടർ ഡോ. ടോമാഷ് ഡ്സിയേർഷനോവ്സ്കിയുടെ നേതൃത്വത്തിലാണ് നിർദേശം തയ്യാറാക്കിയത്. പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ പാർട്ടിയിലെ എംപി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു.
രോഗികൾക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ സാന്നിധ്യം ശാരീരികവും മാനസികവുമായ ആശ്വാസം നൽകുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഏകാന്തത വർധിക്കുന്ന സാഹചര്യത്തിൽ, രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പോളണ്ടിലെ ചില ആശുപത്രികളിൽ വളർത്തുമൃഗങ്ങളുടെ സന്ദർശനം അനുവദിക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി നിയമപരമായ അവകാശം നിലവിലില്ല. പുതിയ നിയമം പാസായാൽ പാലിയേറ്റീവ് കെയർ വാർഡുകളിലെ രോഗികൾക്ക് സ്വന്തം വളർത്തുമൃഗങ്ങളെ കാണാൻ അവകാശം ഉറപ്പാകും.