അമേരിക്കന്‍ വന്‍കരകളില്‍ കാണപ്പെടുന്ന പൂച്ചവര്‍ഗത്തില്‍ പെട്ട ഒരു വലിയ പൂച്ചയാണ് മൗണ്ടന്‍ ലയണ്‍ അഥവാ പ്യൂമ. 100 കിലോ വരെ ഭാരം വയ്ക്കുന്ന മൗണ്ടന്‍ ലയണുകള്‍ക്ക് പേരില്‍ സാമ്യമെന്നതല്ലാതെ യഥാര്‍ഥ സിംഹങ്ങളുമായി അത്ര ബന്ധമൊന്നുമില്ല. എങ്കിലും മനുഷ്യനെ മൗണ്ടന്‍ ലയണുകള്‍ വേട്ടയാടാറുണ്ട്. നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരെ കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാണ് മൗണ്ടന്‍ ലയണുകള്‍. ഇപ്പോഴിതാ ആടിനെ ആക്രമിച്ച മൗണ്ടന്‍ ലയണിനെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുന്ന യുവതിയുടെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജൂണ്‍ 8ന് യുഎസിലാണ് സംഭവമരങ്ങേറിയത്. വിഡിയോയുടെ തുടക്കത്തില്‍ മൂന്ന് ആടുകള്‍ ഫാംഹൗസിലേക്ക് ഓടിക്കയറുന്നത് കാണാം. എന്നാല്‍ മൂന്നമത്തെ ആടിന് പിന്നാലെ ഒരു മൗണ്ടന്‍ ലയണ്‍ ഓടിയെത്തുന്നതും അതിനെ പിടികൂടി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു മിനിറ്റോളം ആടിനെ പിടിച്ച് മൗണ്ടന്‍ ലയണ്‍ നില്‍ക്കുന്നുണ്ട്.
എന്നാല്‍ ഉടന്‍ തന്നെ എവിടെ നിന്നോ ഒരു യുവതി ഓടിവരികയും മൗണ്ടന്‍ ലയണിന്‍റെ പിന്നിലെത്തി വാരിയെല്ല് നോക്കി തട്ടുന്നതും കാണാം. പെട്ടന്ന് കിട്ടിയ ശക്തമായ അടിയില്‍ പുളഞ്ഞുപോയ മൗണ്ടന്‍ ലയണ്‍ ആടിനെ വിട്ട് ആടിന് മുകളിലൂടെ ചാടി ഓടുന്നു. പിന്നാലെ ഗെറ്റ് ഔട്ട് എന്നുറക്കെ വിളിച്ച് പറഞ്ഞ് യുവതി മൗണ്ടന്‍ ലയണിന് പിന്നാലെ ഓടുന്നതും കാണാം. സ്വകാര്യത മാനിച്ച് വ്യക്തി എവിടെ നിന്നാണെന്നും ആരാണെന്നും ഇതുവരെ പുറത്ത് പറയുന്നില്ല.
യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. യുവതിയുടെ തട്ടില്‍ ഒരുപക്ഷെ പൂച്ചയുടെ വാരിയെല്ല് തകര്‍ന്നിട്ടുണ്ടാകാമെന്നും പൂര്‍ണവളര്‍ച്ചയെത്താത്ത മൗണ്ടന്‍ ലയണ്‍ ആയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും കമന്‍റുകളുണ്ട്.