• വേദി വിട്ടുപോകുന്നതിനിടെ നിക്കി മിനാജിനെ പ്രശംസിച്ച ട്രംപ്, അവർ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മിടുക്കിയാണെന്നും പറഞ്ഞു

പോപ് താരം നിക്കി മിനാജിനെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. മിഷിഗണില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപിന്റെ അശ്ലീല പരാമര്‍ശം. തുടര്‍ന്ന് നിക്കിയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും തന്റെ പരാമര്‍ശം നിക്കി മിനാജിന് വിഷമം ഉണ്ടാക്കിയെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Also Read: 30 വർഷമായി യുഎഇയിൽ; 60–ാം വയസിൽ കിഷോറിന്‍റെ തലവര മാറ്റി 12.9 കോടിയുടെ സമ്മാനം

ഞായറാഴ്ചയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ട്രംപും നിക്കിയും എത്തിയത്. ട്രംപിന്റെ കടുത്ത ആരാധികയായാണ് നിക്കി അറിയപ്പെടുന്നത്. പ്രചാരണത്തിനിടെ ട്രംപിന്റെയും സ്ഥാനാര്‍ഥികളുടേയും പേരുകള്‍ വിളിച്ചുപറഞ്ഞ് താരം വോട്ടര്‍മാരെ ആവേശത്തിലാക്കി. വേദി വിട്ടുപോകുന്നതിനിടെ നിക്കി മിനാജിനെ പ്രശംസിച്ച ട്രംപ്, അവർ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മിടുക്കിയാണെന്നും പറഞ്ഞു.

‘മനോഹരമായൊരു നിതംബം’ കണ്ടു എന്നായിരുന്നു നിക്കിയെക്കുറിച്ച് ട്രംപിന്റെ അശ്ലീല പരാമര്‍ശം. ഒഹായോയിലെ റിപ്പബ്ലിക്കൻ സെനറ്ററായ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് നേരത്തേ നടത്തിയ പരാമർശങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു നിക്കിയെക്കുറിച്ചും ട്രംപ് വാചാലനായത്. പുരുഷന്‍മാരെക്കുറിച്ച് ഈ തരത്തിലുള്ള പരാമര്‍ശം നടത്താറില്ലെന്നും സ്ത്രീകളെക്കുറിച്ച് നടത്താറുണ്ടെന്നും ട്രംപ് പറഞ്ഞു. പിന്നാലെയാണ് നിക്കിയുടെ ശരീരത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയത്.

‘ഞാൻ മുന്‍പ് കണ്ടിട്ടുള്ള മനോഹരമായ ഒരു പിൻഭാഗം നിക്കി മിനാജിന്റേതാണ്. അത് കാണാതെ പോകാനാവില്ല’– ഇതായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. തൊട്ടുപിന്നാലെ ട്രംപ് നിക്കിയോട് എഴുന്നേല്‍ക്കാന്‍ പറയുന്നു, കാണികളെ അഭിസംബോധന ചെയ്യാനും ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണിലാണ് നിക്കി മിനാജ് മിഷിഗണിലേക്ക് യാത്ര ചെയ്തത്.

ട്രംപിന്റെ പല വിവാദ നിലപാടുകളെയും പിന്തുണച്ച് നിക്കി രംഗത്തെത്തിയിട്ടുണ്ട്. നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളെയും, ഗോൾഡ് കാർഡ് വീസ പദ്ധതിയെയും താരം പിന്തുണച്ചിരുന്നു. എന്നാല്‍ ട്രംപ് ആദ്യം അധികാരത്തില്‍ വന്ന സമയത്ത് അവരുടെ നിലപാട് വ്യത്യസ്തമായിരുന്നു. കുടിയേറ്റവിരുദ്ധ നയങ്ങളെ നിക്കി ശക്തമായി വിമര്‍ശിച്ചിരുന്നു. അതിർത്തിയിൽ കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയ ട്രംപിന്റെ നയത്തെയും അവര്‍ ശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം ട്രംപ്, നിക്കി മിനാജിന്റെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയെന്ന് ഹാസ്യപരിപാടിയായ ‘ദ ഡെയ്‌ലി ഷോ’യുടെ അവതാരകൻ ജോൺ സ്റ്റ്യുവർട്ട് പറഞ്ഞതും ചര്‍ച്ചയായി. ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചുവന്നതിനു പിന്നാലെ, ട്രംപ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ‘പ്രധാന വിഷയങ്ങളി’ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് സ്റ്റ്യുവര്‍ട്ട് പരിഹസിച്ചു. സമ്പദ്‌വ്യവസ്ഥയും ജീവിതച്ചെലവും ഇറാനിലെ യുദ്ധവുമെല്ലാം ചർച്ചയാകുമ്പോൾ നിക്കി മിനാജിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങള്‍ക്ക് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലും പുറത്തും ലഭിക്കുന്നത്. 

Donald Trump Trolled Over Inappropriate Remark About Nicki Minaj at Michigan Rally:

US President Donald Trump has faced widespread social media trolling after making a sexually suggestive remark about pop star Nicki Minaj during a campaign event in Michigan ahead of the November midterm elections. While praising Minaj’s appearance and intelligence, Trump made an explicit comment about her body and asked her to stand up and address the audience. Minaj, a vocal Trump supporter in recent months, travelled to Michigan aboard Air Force One and has backed several of his positions, despite previously criticising his immigration policies. Comedian Jon Stewart also mocked Trump over his remarks, as social media users questioned his comments amid concerns about the economy, the cost of living and the war in Iran