ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന എൻ.ബി.എ ഫൈനൽസ് മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നേരെ കൂക്കിവിളി. ന്യൂയോർക്ക് നിക്സും സാൻ അന്റോണിയോ സ്പർസും തമ്മിലുള്ള മത്സരം കാണാനാണ് അദ്ദേഹം എത്തിയത്. എൻ.ബി.എ ഫൈനൽസ് മത്സരം നേരിട്ട് കാണാനെത്തുന്ന ആദ്യത്തെ യു.എസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ ഗാലറി ട്രംപിന് അനുകൂലമായിരുന്നില്ല. സ്റ്റേഡിയത്തിനകത്തും പുറത്തും വലിയ ജനരോഷമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. 

മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിനിടയില്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ നിക്സ് ടീം ഉടമ ജെയിംസ് ഡോളനൊപ്പം ലക്ഷ്വറി ബോക്സിൽ നിൽക്കുന്ന ട്രംപിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോള്‍ വലിയ കൂവലാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിലൊന്നും ട്രംപ് കുലുങ്ങിയില്ല. പുച്ഛത്തോടെ ഒരു ചിരി ചിരിച്ചാണ് പരിഹാസങ്ങളെ ട്രംപ് നേരിട്ടത്. ക്യാമറ നിക്സ് താരം ജലെൻ ബ്രൺസണിലേക്ക് മാറിയതോടെ കൂവൽ മാറി വലിയ കൈയടിയായി.

പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച് കടുത്ത സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരുന്നത്. മാഡിസൺ സ്ക്വയറിന് ചുറ്റുമുള്ള അഞ്ച് ബ്ലോക്കുകൾ പൂർണ്ണമായും അടച്ചുപൂട്ടി. ഇതോടെ ടിക്കറ്റെടുത്ത കാണികൾക്ക് സ്റ്റേഡിയത്തിനകത്ത് കയറാൻ രണ്ട് മണിക്കൂറിലധികം വരി നിൽക്കേണ്ടി വന്നു. കടുത്ത സുരക്ഷാ പരിശോധനകൾ കാരണം കളി തുടങ്ങാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴും സ്റ്റേഡിയത്തിലെ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. കടുത്ത വെയിലിൽ പുറത്തുനിൽക്കേണ്ടി വന്ന ജനങ്ങൾ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോൾ കൂവിവിളിച്ചാണ് തങ്ങളുടെ അമർഷം രേഖപ്പെടുത്തിയത്.

അതേസമയം ട്രംപ് അനുകൂലികളും സ്റ്റേഡിയത്തിലുണ്ടായിരുന്നു. സ്റ്റേഡിയത്തിനകത്ത് പ്രതിഷേധം ഉയർന്നപ്പോൾ, പുറത്തുണ്ടായിരുന്ന ചിലർ അമേരിക്കൻ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും ട്രംപിനെ അനുകൂലിക്കുകയും ചെയ്തു. 1999-ന് ശേഷം ആദ്യമായാണ് ന്യൂയോർക്ക് നിക്സ് സ്വന്തം മണ്ണിൽ ഒരു ഫൈനൽ മത്സരം കളിക്കുന്നത്. അതിനാൽ പ്രസിഡന്റിന്റെ സന്ദർശനം കളി കാണാൻ വരുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ട്രംപ് കളി കാണാൻ വരുന്നത് ഒഴിവാക്കണമെന്നും പ്രമുഖ സ്പോർട്സ് നിരീക്ഷകനായ സ്റ്റീഫൻ എ. സ്മിത്ത് ഉൾപ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

Donald Trump was booed at the NBA Finals in Madison Square Garden. Despite the negative reception, Trump appeared unfazed and reacted with a smile and a dismissive gesture.