Image Credit: AFP
2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണങ്ങളെ കുറിച്ച് ചോദ്യമുയര്‍ന്നതിന് പിന്നാലെ എൻബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വിസ്കോൺസിനിൽ വെച്ച് വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത അഭിമുഖം ഞായറാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ഈ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റും എൻബിസിയുടെ അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടാകുകയും ട്രംപ് മൈക്ക് അഴിച്ച് ഇറങ്ങിപ്പോകുകയുമായിരുന്നു.
2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്ന തന്റെ പഴയ വാദം ട്രംപ് അഭിമുഖത്തില്‍ ആവർത്തിച്ചു. കൂടാതെ, കാലിഫോർണിയയിലെ ഗവർണർ തിരഞ്ഞെടുപ്പിലും കൃത്രിമം നടന്നതായി അദ്ദേഹം ആരോപിച്ചു. വോട്ടെണ്ണൽ വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അങ്ങിനെയാണെന്നും അട്ടിമറി നടന്നതിന് തെളിവുണ്ടോ എന്നും അവതാരക ചോദിച്ചു. താൻ നിരീക്ഷിക്കുന്ന കാര്യങ്ങളാണ് ഇതെന്നായിരുന്നു ട്രംപിന്‍റെ മറുപടി. വീണ്ടും വീണ്ടും തെളിവുകള്‍ക്കായി അവതാരക ആവശ്യപ്പെട്ടതോടെ ട്രംപ് ഇറങ്ങിപ്പോകുകയായിരുന്നു. യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ മൂന്നാം ലോകരാജ്യത്തോടാണ് ട്രംപ് ഉപമിച്ചത്.
‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്’ എന്ന് പറഞ്ഞാണ് മൈക്ക് ഊരി നിലത്തേക്ക് എറിഞ്ഞ് ട്രംപ് എഴുന്നേറ്റത്. താന്‍ ഈ അഭിമുഖത്തിനായാണ് ഇത്രയും യാത്ര ചെയ്ത് ഇവിടെ എത്തിയതെന്ന് അവതാരക പറഞ്ഞെങ്കിലും ട്രംപ് നിന്നില്ല. അവതാരകയെയും എൻബിസി ചാനലിനെയും ദുഷ്ടരെന്നും വിഡ്ഢികളെന്നും ആക്ഷേപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. മാധ്യമപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയും അധിക്ഷേപിച്ച ട്രംപ്, താൻ പറയുന്നത് ശരിയാണെന്നും മാധ്യമങ്ങള്‍ക്കും വസ്തുതകൾ അറിയാമെന്നും എന്നാൽ അത് മറച്ചുവെക്കുകയാണെന്നും ആരോപിച്ചു.
ജനുവരി 6 ലെ കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ട്രംപിന്റെ വിവാദമായ ‘ആന്റി-വെപ്പണൈസേഷൻ’ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യവും തർക്കത്തിന് വഴിവെച്ചു. കലാപകാരികളെ എഫ്ബിഐ ഏജന്റുമാർ കെണിയിൽ വീഴ്ത്തിയതാണെന്നും, കടുത്ത ശിക്ഷ ഭയന്നാണ് പലരും കുറ്റം സമ്മതിച്ചതെന്നും ട്രംപ് വാദിച്ചു. ഇവർക്ക് പണം നൽകുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, അഭിമുഖം സംപ്രേക്ഷണം ചെയ്തു എന്നല്ലാതെ സംഭവത്തില്‍ എൻബിസി വിഭഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിഎൻഎൻ റിപ്പോർട്ടർ കെയ്‌റ്റ്‌ലാൻ കോളിൻസിനോടും ട്രംപ് മോശമായി പെരുമാറിയിരുന്നു.